“സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഗൂഗിൾ പേ ചെയ്യാൻ അറിയില്ല”; ഇന്ദ്രൻസ്

','

' ); } ?>

സിനിമയിൽ മാത്രമല്ല ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്. താൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്. എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല.’ ഇന്ദ്രൻസ് പറഞ്ഞു.

ആർ ജെ ബാലാജി ഒരുക്കിയ സൂര്യ ചിത്രം കറുപ്പിൽ മികച്ച പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവെച്ചത്. നടന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ ‘ഗൂഗിൾ പേ പണ്ണ തെരിയാദ്’ എന്ന ഡയലോഗ് വളരെയധികം ശ്രദ്ധ നേടിയിരുന്നു.

അതേസമയം, കറുപ്പ് ആഗോള ബോക്സ് ഓഫീസിൽ 300 കോടി പിന്നിട്ടു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യ ബോക്സ് ഓഫീസിലെ തന്റെ പവർ തിരിച്ച് പിടിച്ചിരിക്കുന്നത്. സൂര്യയുടെ മുൻകാല ചിത്രങ്ങളായ ‘കങ്കുവ’ (2024), ‘റെട്രോ’ (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് ‘കറുപ്പിന്റെ’ ഈ വമ്പൻ നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്.

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത്‌ വെറും 4 ദിനം കൊണ്ട് കറുപ്പ്‌ ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ നേടുന്നുണ്ട്.