
അമ്മയിലെ വിഷയങ്ങളെക്കുറിച്ച് ഇനി കൂടുതൽ സംസാരിക്കാനില്ലെന്നും, സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീർക്കുമെന്നും വ്യക്തമാക്കി ശ്വേതാ മേനോൻ. അൻസിബ ഹസ്സൻ്റെ പരാതിയിൽ ഇനി പ്രതികരിക്കാനില്ലെന്നും, ശ്വേത കൂട്ടിച്ചേർത്തു.
നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നൽകിയ പരാതി, ടിനി ടോമിനെതിരെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതി, എന്നിങ്ങനെ രണ്ടു പരാതികളാണ് അൻസിബയുടേതായി നിലവിലുള്ളത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നാണ് അൻസിബ ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിലുള്ളത്. ലക്ഷ്മിപ്രിയ നൽകിയത് വ്യാജ പരാതിയാണെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
ടിനി ടോമിനെതിരായ പരാതിയിൽ പ്രേത്യക സമിതിയെ രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. തന്റെ പരാതി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും,പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് വേണ്ടതെന്നും അൻസിബ പറഞ്ഞു. ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് തനിക്ക് യോജിക്കുന്ന മറ്റൊരാളെ പകരം നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് അമ്മ ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം.
എന്നാൽ ഈ ആവശ്യങ്ങൾ അമ്മ സംഘടന അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. അൻസിബ ടിനി ടോമിനെതിരെ നൽകിയ പരാതി അമ്മ ജനറൽ ബോഡിക്ക് വിടാനാണ് സാധ്യത.