
‘ദൃശ്യം 3’ നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് നടൻ മോഹൻലാൽ. ജോർജ് കുട്ടിയെയും കുടുംബത്തെയും സ്വീകരിച്ചതിന് നന്ദി അറിയിച്ചാണ് മോഹൻലാലിന്റെ കുറിപ്പ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ദൃശ്യം 3 വളരെയധികം സ്നേഹത്തോടെയും, ആവേശത്തോടെയും, നിർമ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്നേഹം ഹൃദയസ്‌പർശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങൾ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോർജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി.’ മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ ജന്മദിനത്തിന് റിലീസായ ‘ദൃശ്യം 3’ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തു എന്നാണ് റിപ്പോർട്ടുകൾ.
2013 ലാണ് ദൃശ്യത്തിൻ്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ‘ദൃശ്യം 3’ യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
‘ദൃശ്യം’ ഫ്രാഞ്ചൈസിക്കു നീതി പുലർത്തുന്ന കഥയാണ് മൂന്നാം ഭാഗത്തിന്റേതെന്ന് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. അണിയറക്കാർ പറഞ്ഞതുപോലെ തന്നെ ജോർജുകുട്ടിയുടെ കഥാപാത്രത്തിനും അയാളുടെ ഇമോഷനുമാണ് മൂന്നാം ഭാഗം പ്രാധാന്യം കൊടുക്കുന്നത്.