‘ദൃശ്യം 3’ തെലുങ്ക് റീമേക്ക് അവകാശത്തെച്ചൊല്ലി നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ

','

' ); } ?>

‘ദൃശ്യം’ മൂന്നാം ഭാഗം തെലുങ്ക് റീമേക്ക്, അഡാപ്റ്റേഷൻ അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നിർമ്മാതാക്കൾ. ‘ദൃശ്യം 3’ തെലുങ്കിൽ റീമേക്ക് ചെയ്യാനുള്ള തങ്ങളുടെ എക്‌സ്ക്ലൂസീവ് അവകാശം സംരക്ഷിക്കുന്നതിനായി ശ്രീപ്രിയ സേതുപതി, രാജ്‌കുമാർ സേതുപതി എന്നിവരുടെ നേതൃത്വത്തിലുള്ള രാജ്‌കുമാർ തിയേറ്റേഴ്‌സ്‌ പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സ്ഥിരീകരിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് സംഭവം ട്വീറ്റ് ചെയ്തത്.

ലോകത്തെവിടെയും ചിത്രത്തിൻ്റെ അനധികൃത തെലുങ്ക് പതിപ്പോ അതിന്റെ റിലീസോ തടയുന്നതിന് സ്ഥിരമായ നിരോധനം ഏർപ്പെടുത്തണമെന്നും കമ്പനി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഈ നിയമനടപടികൾ നിലനിൽക്കുന്നതിനാൽ, ‘ദൃശ്യം 3’ ന്റെ തെലുങ്ക് അഡാപ്റ്റേഷൻ അവകാശങ്ങളോ റിലീസ് അവകാശങ്ങളോ സംബന്ധിച്ച് ഏതെങ്കിലും വ്യക്തിയോ കമ്പനിയോ നിർമ്മാതാക്കളോ ഒടിടി പ്ലാറ്റ്‌ഫോമുകളോ കരാറുകളിൽ ഏർപ്പെടുകയാണെങ്കിൽ അത് സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്ന് രാജ്‌കുമാർ തിയേറ്റേഴ്‌സ് വ്യക്തമാക്കി. അത്തരം എല്ലാ കരാറുകളും മദ്രാസ് ഹൈക്കോടതിയുടെ അന്തിമ വിധിന്യായത്തിന് വിധേയമായിരിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.

ആശിർവാദ് സിനിമാസ്, ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവരെയും അവരുടെ ഏജന്റുമാരെയും ലൈസൻസികളെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ തെലുങ്ക് റീമേക്ക് നിർമ്മിക്കുന്നതോ റിലീസ് ചെയ്യുന്നതോ പകർപ്പവകാശ ലംഘനമാണെന്നാണ് രാജ്കുമാർ തിയേറ്റേഴ്‌സിന്റെ വാദം.

കഴിഞ്ഞ മെയ് 20-ന് കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വാദങ്ങൾ കേട്ട ശേഷം എതിർകക്ഷികൾക്കെല്ലാം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇതിൽ മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. കോടതി ഉത്തരവ് പ്രകാരം തെലുങ്ക് ചലച്ചിത്രാവിഷ്കാര അവകാശങ്ങൾ ഉൾപ്പെടുന്ന ഏതൊരു ഇടപാടും ഈ കേസിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കും. അതേസമയം, ഈ തർക്കം തെലുങ്ക് റീമേക്ക് അവകാശങ്ങളുമായി ബന്ധപ്പെട്ടത് മാത്രമായതിനാൽ ‘ദൃശ്യം 3’ യുടെ യഥാർത്ഥ മലയാളം പതിപ്പിന്റെ റിലീസിനെ ഇത് ബാധിച്ചിട്ടില്ല. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.