‘പവനായിക്ക് അങ്ങനെ പനിയായി ഗയ്‌സ്…’; ആ പ്രഖ്യാപനത്തിനു പിന്നാലെ ജ്യോതികൃഷ്ണ ആശുപത്രിയിൽ

','

' ); } ?>

ശരീരഭാരം കുറച്ച് പഴയ രൂപത്തിലേക്ക് മടങ്ങിവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടി ജ്യോതി കൃഷ്ണ ആശുപത്രിയിലായി. വർക്കൗട്ടും ഡയറ്റും പ്ലാൻ ചെയ്ത് തന്റെ ‘വെയ്റ്റ് ലോസ് ജേർണി’ ആരംഭിക്കാൻ തീരുമാനിച്ച സമയത്ത് തന്നെ പനി ബാധിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നന്നാവാൻ തീരുമാനിച്ച സമയത്ത് തന്നെ ആശുപത്രിയിൽ കഴിയേണ്ടി വന്ന ദുരവസ്ഥയെ സ്വയം പരിഹസിച്ചുകൊണ്ടുള്ള (സെൽഫ് ട്രോൾ) രസകരമായ വീഡിയോയാണ് ജ്യോതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

‘പവനായിക്ക് അങ്ങനെ പനിയായി ഗയ്‌സ്… ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങളും വണ്ണം കുറയ്ക്കുമെന്ന് ഉറപ്പിച്ചു പറയുന്ന പഴയ വീഡിയോയും കോർത്തിണക്കിയാണ് താരം ട്രോൾ വീഡിയോ തയ്യാറാക്കിയത്. സലിം കുമാറിന്റെ ‘എന്തൊക്കെ മേളമായിരുന്നു’ എന്ന പ്രശസ്തമായ കോമഡി ഡയലോഗും പശ്ചാത്തലമായി നൽകിയിട്ടുണ്ട്.

ശരീരഭാരം 81 കിലോ ആയെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും ജ്യോതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി വണ്ണം കുറച്ചിട്ടു തന്നെ ബാക്കി കാര്യമെന്ന് ഉറപ്പിച്ചു പറഞ്ഞ് താരം രംഗത്തെത്തിയത്. എന്നാൽ വ്യായാമം തുടങ്ങാനിരിക്കെ അപ്രതീക്ഷിതമായി പനി ബാധിക്കുകയായിരുന്നു.

താരത്തിന്റെ വീഡിയോയ്ക്ക് താഴെ ‘വേഗം സുഖം പ്രാപിക്കട്ടെ’, ‘തിരിച്ചുവരവ് ഇതിലും ഗംഭീരമായിരിക്കും’ എന്നിങ്ങനെ ആത്മവിശ്വാസം പകരുന്ന നിരവധി കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘പാതിരാമണൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ജ്യോതി കൃഷ്ണ നിലവിൽ ദുബായിലാണ് താമസം.