
താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകും. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയത്.
സംഘടനയ്ക്കുള്ളിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറര്‍ ഉണ്ണി ശിവപാലും മാത്രം തീരുമാനിച്ചാണ് തന്നെ പുറത്താക്കിയതെന്നും പ്രസിഡൻ്റ് ശേത്വാ മേനോന് ഇതിനെ കുറിച്ച് അറിയില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി എത്തി. എറണാകുളം നോര്‍ത്ത് പൊലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് പരാതിക്കാരി പോലീസിൽ പരാതി നൽകിയത്. ജോലിസ്ഥലത്തെ മാനസിക പീഡനത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. ട്രഷററുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതിക്കാരി ആരോപിക്കുന്നു.
ട്രഷറർ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കാറുണ്ടെന്നും ജോലി സമയം കഴിഞ്ഞും ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും ശല്യപ്പെടുത്താറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഏപ്രിൽ 30-ന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. കൃത്യമായ കാരണങ്ങളില്ലാതെയാണ് തന്നെ ഒഴിവാക്കിയതെന്നും ഇതിന് പിന്നിൽ പ്രതികാരബുദ്ധിയാണെന്നും അവർ വ്യക്തമാക്കുന്നു.
സംഘടനയുടെ ബൈലോ പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നിരിക്കെ, ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെയാണ് നടപടിയെടുത്തത്. അതിനാൽ പിരിച്ചുവിടൽ അംഗീകരിക്കാനാവില്ലെന്നും ജോലിയിൽ തുടരാൻ ആവശ്യമായ സുരക്ഷയും സഹായവും പൊലീസ് ഉറപ്പാക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.