
പ്രശസ്ത സിനിമാ നിർമാതാവ് ആർ. ബി. ചൗധരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും, ചൗധരിയുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മോഹൻലാൽ പറഞ്ഞു. കൂടാതെ കഥകളിലും മനുഷ്യരിലും വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ചൗധരിയെന്നും, അദ്ദേഹത്തിൻ്റെ ആ വിശ്വാസം അനേകം ആളുകളുടെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതിഹാസ നിർമാതാവ് ആർ.ബി. ചൗധരി സാറിന്റെ വിയോഗത്തിൽ അങ്ങേയറ്റത്തെ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ സിനിമയ്ക്ക് പ്രിയപ്പെട്ട ഒട്ടേറെ അധ്യായങ്ങൾ സമ്മാനിച്ച ദീർഘദർശിയായ വ്യക്‌തിത്വമായിരുന്നു അദ്ദേഹം.
‘കീർത്തിചക്ര’, ‘ജില്ല’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹവുമായി സഹകരിക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു; ആ ഓർമകൾ എന്നും എന്നോടൊപ്പം ഉണ്ടാകും. അദ്ദേഹം കഥകളിലും മനുഷ്യരിലും വിശ്വസിച്ചു. ആ വിശ്വാസം എണ്ണമറ്റ ജീവിതങ്ങളെയും കരിയറുകളെയും മാറ്റിമറിച്ചു.” മോഹൻലാൽ പറഞ്ഞു.
“ഇന്ത്യൻ സിനിമയ്ക്ക് ഇതൊരു നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എൻ്റെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് അവർക്ക് കരുത്ത് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശാന്തി.”- മോഹൻലാൽ കൂട്ടിച്ചേർത്തു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും വെച്ച് വൻവിജയങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് ആർ. ബി. ചൗധരി. മലയാളത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായ മേജർ രവി ചിത്രം ‘കീർത്തിചക്ര’ നിർമിച്ചത് ഇദ്ദേഹമായിരുന്നു.
പിന്നീട് തമിഴിൽ വിജയയും മോഹൻലാലും ഒന്നിച്ചെത്തിയ ‘ജില്ല’ എന്ന ചിത്രത്തിന്റെ നിർമാണവും ചൗധരിയാണ് നിർവ്വഹിച്ചത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ആർ. ബി. ചൗധരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നത്.