
ആദ്യ സംവിധാന സംരംഭത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഹരിശ്രീ അശോകൻ. ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നില്ല എന്നാണ് അദ്ദേഹം തുറന്നു സമ്മതിക്കുന്നത്. ആ ചിത്രം തന്റെ കരിയറിൽ വലിയൊരു പാഠമായിരുന്നുവെന്നും അത്തരമൊരു ഉദ്യമത്തിന് മുതിരേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആ ചിത്രം ചെയ്തതിലൂടെ തനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്നും, വൈകാരികമായും പ്രൊഫഷണലായും അത് വലിയൊരു തെറ്റായിപ്പോയെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“അത് ചെയ്തുകഴിഞ്ഞപ്പോഴാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്. കാരണം അതിന്റെ സബ്ജക്റ്റില്ത്തന്നെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. പ്രധാന കാര്യം ആര്‍ട്ടിസ്റ്റ് വാല്യു ഇല്ല. ഒരു ഹീറോ ഇല്ലായിരുന്നു അതില്‍. സബ്ജക്റ്റ് പൊളിച്ച് പൊളിച്ച് അങ്ങനെയങ്ങ് ആയി വന്നതാണ്. അത് ഒരു പാകപ്പിഴ ആയിരുന്നു. തുടങ്ങണ്ട എന്ന് പറഞ്ഞപ്പോഴും ഇന്ന ദിവസം തുടങ്ങിയേ തീരൂ എന്നൊക്കെ വന്ന് ആ ചട്ടക്കൂടിനകത്തു നിന്ന് ഒതുക്കിയെടുക്കാനൊക്കെ പെട്ട പാടാണ് അതിന്റെ ബുദ്ധിമുട്ട്.
അത് പറഞ്ഞാല്‍ കുറേ പറയേണ്ടിവരും. പെട്ടെന്ന് തുടങ്ങി, ഒരു ഹീറോ ഇല്ലായ്മ അങ്ങനെ കുറച്ച് കാര്യങ്ങള്‍ അതിനകത്ത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നപ്പോള്‍ ഒരു ഗ്രൂപ്പ് കളിയും ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നതുമൊക്കെ ശരിക്ക് ബാധിച്ചിട്ടുണ്ട്. ഒരു നായകന് കഥാപാത്രം ആദ്യം ഉണ്ടായിരുന്നു. പക്ഷേ ആ നായകനായി നമ്മള് വിചാരിച്ച ആളെ കിട്ടിയില്ല”, ഹരിശ്രീ അശോകന് പറഞ്ഞു
“ഒരു സിനിമ ഇനിയും സംവിധാനം ചെയ്യുന്നുണ്ട്. പക്ഷേ ഉടനെയില്ല. കാരണം ഇപ്പോള്‍ അഭിനയിക്കാന്‍ കുറേ പടങ്ങള്‍ വന്നിട്ടുണ്ട്. അതുകാരണം ഇപ്പോള്‍ ചെയ്യുന്നില്ല. പക്ഷേ ചെയ്യും. അതിന്റെ സബ്ജക്റ്റ് ഒക്കെ ആയിരിക്കുകയാണ്. അതില്‍ ഗംഭീര നായകനാണ്. അദ്ദേഹത്തോട് കഥയൊക്കെ പറഞ്ഞു. ഇഷ്ടമായി. മൂന്ന് വര്‍ഷമായി കഥ പറഞ്ഞിട്ട്. ഇപ്പോഴും അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ സിനിമകളെപ്പോലെ അത് ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയും മാറിയാല്‍ ഇനിയും മാറി ചെയ്യാന്‍ സാധിക്കും. കാരണം അങ്ങനെ ഒരു സബ്ജക്റ്റ് ആണ് അത്. സബ്ജക്റ്റ് സീരിയസ് ആണ്. പക്ഷേ അത് ഹ്യൂമര്‍ ട്രാക്കിലാണ് പോകുന്നത്. പഴയ തലമുറയിലെ നായകനാണ്. പുതിയ തലമുറയിലെ അഭിനേതാക്കളും ഉണ്ട്.”ഹരിശ്രീ അശോകന് കൂട്ടിച്ചേർത്തു.