
മലയാള ചലച്ചിത്ര മേഖലയിലെ എല്ലാ സിനിമാ സെറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി (ICC) രൂപീകരിച്ചതായി ഫിലിം ചേംബർ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള 2013-ലെ നിയമപ്രകാരമാണ് ഈ നടപടി. ഒമ്പത് ചലച്ചിത്ര സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഐസിസിയുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനായി ഫിലിം ചേംബറിന്റെ കീഴിൽ പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ലൊക്കേഷനിലെയും ഐസിസി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മിനുട്സ് തയ്യാറാക്കി ഈ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറണം. ഐസിസി റിപ്പോർട്ട് സമർപ്പിക്കാത്ത സിനിമകൾക്ക് സെൻസറിങ്ങിനുള്ള അനുമതി നൽകില്ലെന്നും ചേംബർ ഭാരവാഹികൾ വ്യക്തമാക്കി.
സമിതിയുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സംവിധായകൻ, നിർമ്മാതാവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരെ ഐസിസിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിനിമ സെറ്റുകളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സുരേഷ് കുമാർ അറിയിച്ചു. സിനിമ മേഖലയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർണ്ണായക നീക്കമായാണ് ഈ തീരുമാനത്തെ സിനിമാ ലോകം കാണുന്നത്.