
സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു ജയിൽമോചിതയായി. ഒരു വർഷത്തിനുശേഷമാണ് നടി കേസിൽ ജയിൽ മോചനം നേടുന്നത്. കഴിഞ്ഞ മാർച്ചിലാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് അറസ്റ്റുചെയ്തത്.
ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു നടി. വസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചുവെച്ച് കടത്തിക്കൊണ്ടുവരുകയായിരുന്നെന്നാ രന്യക്കെതിരെയുള്ള കേസ്. ദുബായിൽനിന്ന് വരുകയായിരുന്ന നടിയെ 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് പിടികൂടിയത്. പിന്നീട് ഇവരുടെ കൂട്ടാളികളായ രണ്ടു പേരെയും അറസ്റ്റുചെയ്തു.
തുടർന്ന് ഇവരുടെ പേരിൽ കോഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് ഗ്ലിങ് ആക്ടിവിറ്റീസ്) നിയമം ചുമത്തി. ഈ നിയമം ചുമത്തപ്പെട്ടവരെ ജാമ്യംനൽകാതെ ഒരു വർഷത്തോളം തടങ്കലിൽ വെക്കാനാകും. അതിനാൽ, അറസ്റ്റിലായി 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് രന്യക്ക് കഴിഞ്ഞവർഷം മേയിൽ കോടതി ജാമ്യംഅനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഒരു വർഷക്കാലാവധി പൂർത്തിയാക്കിയതോടെയാണ് ഇപ്പോൾ പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്.