
സുമതി വളവ് സിനിമ കാരണം തന്റെ ജീവിതം നശിച്ചുവെന്ന നിർമാതാവ് മുരളി കുന്നുംപുറത്തിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്ന് കുറിപ്പ് പങ്കുവെച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫേക്ക് ഐഡികളിൽനിന്ന് കൂട്ടമായ ആക്രമണമാണെന്നും, സുമതി വളവ് ആളുകളിലേക്കെത്തിക്കാനുള്ള എല്ലാ സഹായവും ചെയ്തതിനു ശേഷമാണ് മുരളി തന്നെ ചതിയനെന്ന് വിളിച്ചതെന്നും അഭിലാഷ് കുറിച്ചു.
കൂടാതെ സിനിമയെ താനൊരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ലെന്നും, തനിക്കെതിരെയുള്ള സൈബർ ആക്രമണം നിയമപരമായി നേരിടുമെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു. അഭിലാഷ് പിള്ളയ്ക്ക് എതിരായും നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ചുമുള്ള സാമൂഹികമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് അഭിലാഷിന്റെ പ്രതികരണം.
‘സിനിമ’ എന്നത് എനിക്ക് ഒരു തൊഴിൽ മാത്രമല്ല, എന്റെ്റെ സന്തോഷവും കൂടിയാണ് അതുകൊണ്ടുതന്നെ അതിനെ ഞാൻ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച ‘സുമതി വളവ്’ സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാൻ നൽകിയപ്പോഴാണ്, അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്.
അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിൻവലിച്ചെങ്കിലും, അതിലൂടെ എനിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതാണ്. സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത്, ഞാൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓർക്കുമ്പോൾ, ഇന്ന് എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു’ അഭിലാഷ് കുറിച്ചു.
‘എനിക്ക് പറയാനുള്ള എല്ലാം പ്രസ് മീറ്റിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്കും, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‌തു. അതിൽ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി ഫേക്ക് ഐഡികളിൽനിന്നുണ്ടായ കടുത്ത അക്രമണമാണ്.
ഇത്തരം സാഹചര്യത്തിൽ, ഞങ്ങൾക്കെതിരെ നടന്നത് പോലെ പി.ആർ. നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ, ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം.’ അഭിലാഷ് വ്യക്തമാക്കി.