
ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു. 30 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലാണ് താരം താമസിച്ചിരുന്നത്. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ചാണ് ദിവ്യാങ്കയുടെ അന്ത്യകർമങ്ങൾ നടന്നത്. രാവിലെ 9:30-ഓടെ നടന്ന ചടങ്ങുകൾക്ക് സഹോദരൻ ഹിമാൻഷു സിറോഹിയാണ് നേതൃത്വം നൽകിയത്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക ഹരിയാൻവി സംഗീത രംഗത്താണ് മികവുതെളിയിച്ചത്. അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്‌ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ദിവ്യാങ്കയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ദിവ്യാങ്കയ്ക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 1.3 മില്യണിലധികം ഫോളോവേഴ്സാണ് അവർക്കുണ്ടായിരുന്നത്.