
തന്നെ വെറുമൊരു നടനായി മാത്രം കണ്ട് തള്ളിക്കളയുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. താൻ നടനാണെന്ന കാര്യത്തിൽ പുതുതായി ഒന്നുമില്ല എന്നും, രാഷ്ട്രീയത്തിൽ താൻ അഭിനയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിൽ നാടകങ്ങൾ കളിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും, അങ്ങനെയുള്ളവരെയാണ് യഥാർത്ഥത്തിൽ നടീനടന്മാർ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ് നാട്ടിൽ ഇന്ന് തിരഞെടുപ്പ് നടന്നു കൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി അദ്ദേഹം നടത്തിയ ഈ പ്രസംഗം വൈറലായി കൊണ്ടിരിക്കുകയാണ്.
“വിജയ് ഒരു നടനാണ്, വിജയ് ഒരു നടനാണ് എന്ന് പറയുന്ന ഒരു മന്ത്രിയുണ്ട്. അതെ, ഞാൻ ഒരു നടനാണ്. അദ്ദേഹം പുതിയതായി എന്തോ കണ്ടെത്തിയതുപോലെയാണ് ഇത് പറയുന്നത്. പക്ഷേ ഞാൻ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ഞാൻ അഭിനയിച്ചിട്ടില്ല. നിങ്ങൾ നാടകത്തിന് മുകളിൽ നാടകം കളിക്കുകയാണ്, അപ്പോൾ നിങ്ങളെ നാടക അഭിനേതാക്കളെന്ന് വിളിക്കാമോ? നിങ്ങളെയെല്ലാം അപകടകാരികളായ നാടകക്കമ്പനികളെന്ന് പറയാമോ?” വിജയ് ചോദിച്ചു.
“എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല എന്ന് നിങ്ങൾ ഒരു വീഡിയോ ഉണ്ടാക്കി, ഇപ്പോൾ അതിന് എന്നെ കുറ്റപ്പെടുത്തുന്നു. പോലീസ് എനിക്ക് അനുമതി നൽകിയ സമയത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. എല്ലാം ലൈവാണ്, നിങ്ങൾക്ക് മര്യാദയില്ലേ?” വിജയ് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ഭരണപരമായ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ടുമാറി രാഷ്ട്രീയത്തിൽ സജീവമാകാനാണ് വിജയ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസിനായി ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. ജനുവരിയിൽ പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി ലഭിച്ചിട്ടില്ല.