“യൂണിഫോം വാങ്ങാൻ പണം ഇല്ലാത്തത് കൊണ്ട് പഠിത്തം നിർത്തേണ്ടി വന്നു”; ഇന്ദ്രൻസ്

','

' ); } ?>

ഇടാൻ യൂണിഫോം ഇല്ലാത്തത് കൊണ്ടാണ് തനിക്ക് പഠിത്തം നിർത്തേണ്ടി വന്നതെന്ന് തുറന്ന് പറഞ്ഞ് നടൻ ഇന്ദ്രൻസ്. പഠനത്തിൽ താൻ മിടുക്കനായിരുന്നുവെന്നും, എന്നും ഒന്നാം റാങ്ക് കിട്ടുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് താരം കാര്യങ്ങൾ വ്യക്തമാക്കിയത്.

‘തിരുവനന്തപുരം കുമാരപുരത്തായിരുന്നു പഠനമെല്ലാം. കുട്ടിക്കാലവും കുമാരപുരത്തായിരുന്നു. പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. എനിക്ക് എപ്പോഴും ഒന്നാംറാങ്ക് ഒക്കെ കിട്ടുമായിരുന്നു. അന്നു പഠിക്കുന്ന കുട്ടികളെ മുന്‍ബഞ്ചില്‍ ഇരുത്തുമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഫസ്റ്റ് ബഞ്ച് സ്റ്റുഡന്റായിരുന്നു.’ ഇന്ദ്രൻസ് പറഞ്ഞു.

‘നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് യൂണിഫോം ഒരു പ്രശ്‌നമായി വന്നത്. ആ ഒരു വര്‍ഷം സ്‌കൂളില്‍ പോയില്ല. പിറ്റേ വര്‍ഷം ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങിക്കാന്‍ പൈസ ഇല്ലായിരുന്നു, പിറ്റേവര്‍ഷം വീണ്ടും യൂണിഫോം കര്‍ശനമാക്കി. അങ്ങിനെ പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഞങ്ങളുടെ വീട്ടില്‍ ഏഴുകുട്ടികളായിരുന്നു അതില്‍ മൂന്നാമത്തെ ആളാണ് ഞാന്‍.’ ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു.

കോസ്റ്റിയൂം ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച് പിന്നീട് അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് ഇന്ദ്രന്‍സ്. പുരസ്‌കാരങ്ങള്‍ വാരികൂട്ടിയതിനൊപ്പം പ്രേക്ഷകരുടെയും മനസില്‍ ഇടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഏറെക്കാലം അദ്ദേഹം ഹാസ്യതാരമായാണ് സിനിമയില്‍ നിന്നിരുന്നത്.