
യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്തിനെതിരെ ആദ്യം പരാതി നൽകിയ ബംഗാളി നടി രംഗത്ത്. രഞ്ജിത്ത് അറിയപ്പെടുന്ന ഒരു സംവിധായകനായിരിക്കാം, എന്നാൽ അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്ന് നടി തുറന്നടിച്ചു. താൻ നേരത്തെ നൽകിയ പരാതി നിയമപോരാട്ടങ്ങളിൽ പരാജയപ്പെട്ടെങ്കിലും, ഇപ്പോൾ സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
“കർമ ആരേയും വെറുതേ വിടില്ല. പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്ന് ഇന്നത്തെപ്പോലെ സാമൂഹികമാധ്യമങ്ങൾ സജീവമായിരുന്നില്ല. പരാതി നൽകാൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് അന്ന് എന്റെ പരാതി തള്ളിയത്. എന്നാൽ ഇപ്പോൾ പരാതിയുമായി മുന്നോട്ടുവന്ന നടിയോട് എനിക്ക് നന്ദിയുണ്ട്. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടുക തന്നെ വേണം. സ്ത്രീകൾ അർഹിക്കുന്ന ആദരവ് അവർക്ക് ലഭിക്കണം,” ബംഗാളി നടി മാധ്യമങ്ങളോട് പറഞ്ഞു.
2009-ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയപ്പോൾ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് നടി പരാതിയുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും, സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിനെ നടി സ്വാഗതം ചെയ്തത്.