
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ. നിർമ്മാതാവ് ആന്റോ ജോസഫിന് നഷ്ടം വരാൻ താനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും, എന്നാൽ 140 കോടി തിയേറ്ററിൽ നിന്ന് തന്നെ തരണം എന്ന് പറഞ്ഞാൽ അത് നടക്കില്ലെന്നും വിജയകുമാർ പറഞ്ഞു. കൂടാതെ തിയേറ്ററുകൾ നിലനിൽക്കാൻ കഷ്ടപ്പെടുന്ന സമയമാണിതെന്നും, നാളെ 200 കോടിയിൽ ഒരു പടം വരുമ്പോൾ 75 ശതമാനം വേണമെന്ന് പറഞ്ഞാൽ അത് അനുവദിക്കാൻ കഴിയില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ FEUOK. തിയേറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടർന്ന് ആണ് ഈ വിലക്ക്. മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്.
എന്നാല്‍ പേട്രിയറ്റിന്റെ നിര്‍മാതാക്കള്‍ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എഗ്രിമെന്റ് വയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിയോക്ക് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ.ഇൻഡസ്ട്രിയിൽ നിലവിലില്ലാത്ത ടേംസ് ആണ് നിർമാതാവ് ആവശ്യപ്പെടുന്നതെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
“ആന്റോ ജോസഫ് പേട്രിയറ്റിനായി 140 കോടി മുടക്കിയെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. ആന്റോ ജോസഫ് ബുദ്ധിമാനായ ഒരു നിർമ്മാതാവാണ് അദ്ദേഹത്തിന് നഷ്ടം വരാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. എന്നാൽ 140 കോടി തിയേറ്ററിൽ നിന്ന് തന്നെ തരണം എന്ന് പറഞ്ഞാൽ അത് നടക്കില്ല. സിനിമയുടെ നിർമാണ ചെലവ് കൂടുന്നതിന് അനുസരിച്ച് തിയേറ്ററുകളുടെ ഷെയർ കൂടുതൽ തരണം എന്ന് ഒരു നിർമാതാവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുമ്പോൾ ഇതുവരെയുള്ള കീഴ് വഴക്കങ്ങൾ ലംഘിക്കപ്പെടുകയാണ്. കാരണം തിയേറ്ററുകൾ നിലനിൽക്കാൻ കഷ്ടപ്പെടുന്ന സമയമാണിത്.” വിജയ കുമാർ പറഞ്ഞു.
“രണ്ടാമത്തെ ആഴ്ചയിൽ അടക്കം 60 ശതമാനം കൊടുക്കാൻ മാത്രം ഷെയർ ഇന്ന് സിനിമകളിൽ നിന്ന് വരുന്നില്ല. പണ്ട് 70 , 80 സെന്റർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 300 400 സ്ക്രീനുകൾ ആണുള്ളത്. പണ്ട് 30 ദിവസത്തോളം ഒരു സിനിമ ഓടിയ സമയത്ത് ഇന്ന് രണ്ടാഴ്ച കൊണ്ട് ഒരു സിനിമയുടെ കളക്ഷൻ നിർമാതാവിലേക്ക് എത്തുകയാണ്. ഇൻഡസ്ട്രിയിൽ നിലവിലില്ലാത്ത ടേംസ് ആണ് നിർമാതാവ് ആവശ്യപ്പെടുന്നത്. ഇതിന്റെ പേരിൽ ഒരു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. നാളെ 200 കോടിയിൽ ഒരു പടം വരുമ്പോൾ 75 ശതമാനം വേണമെന്ന് പറഞ്ഞാൽ അത് അനുവദിക്കാൻ കഴിയില്ല.” വിജയ കുമാർ കൂട്ടിച്ചേർത്തു.
തിയേറ്റർ വിഹിതം കൂട്ടിച്ചോതിച്ചതിനെ തുടർനന്നായിരുന്നു ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ FEUOK സിനിമയുമായി കരാർ വയ്ക്കരുതെന്ന് തിയേറ്ററുകളെ അറിയിച്ചിട്ടുണ്ടായിരുന്നു. ഏപ്രിൽ 23നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.