
തിയേറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടർന്ന് മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്ക്. ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ FEUOK സിനിമയുമായി കരാർ വയ്ക്കരുതെന്ന് തിയേറ്ററുകളെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 23 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
കൂടാതെ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നേരത്തെ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഡബ്ബിങ് പൂർത്തിയാക്കിയ വിവരം, ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള അവരുടെ ഡബ്ബിങ് ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ടാണ് പ്രേക്ഷകരുമായി പങ്കു വെച്ചത്. ഇത് കൂടാതെ, ചിത്രത്തിലെ ആദ്യത്തെ ബിടിഎസ് വീഡിയോയും പുറത്ത് വന്നിരുന്നു. ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ വിഡീയോയുടെ ഭാഗമായിരുന്നു.
മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.