
‘സേ ഇറ്റ് (Say it)’ പ്രസ്‌താവനയെക്കുറിച്ചുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് നടുവിരൽ ഉയർത്തി മറുപടി നൽകി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്‌റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ ‘സേ ഇറ്റ്’ എന്ന കമൻ്റുമായി ഒരാൾ എത്തുകയായിരുന്നു. ഒരു വിഡിയോയിലൂടെയായിരുന്നു ഇതിനു നടി മറുപടി നൽകിയത്. കൈകൾ പതിയ ഉയർത്തി, അവസാനം നടുവിരൽ കാണിക്കുകയായിരുന്നു. ‘കസബ’ വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഗീതു മോഹൻദാസിന്റെ വാക്കായിരുന്നു ‘സേ ഇറ്റ്’.
ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ടോക്‌സികിന്റെ” ആദ്യ പ്രമൊ വന്നപ്പോൾ തന്നെ ഗീതുവിനെ പാർവതി സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്തിരുന്നു. കൂടാതെ കണ്ണിൻ്റെ സ്‌റ്റിക്കർ ചുണ്ടിൽ ഒട്ടിച്ച വിചിത്രമായ ചിത്രം പങ്കുവച്ച് തൻ്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നടി റിമ കല്ലിങ്കൽ തന്റെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കി ഗീതു മോഹൻദാസിന് സർവ പിന്തുണയുമായി എത്തിയിരുന്നു. ചിത്രത്തിൽ നായകന്റെ ‘മെയിൽ ഈഗോ’യെ ഉയർത്തിക്കാട്ടുകയും സ്ത്രീയെ ഉപഭോഗവസ്തുവായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഗീതു മോഹൻദാസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
‘കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പൊതുവേദിയിൽ സംസാരിക്കാൻ പാർവതിയെ പ്രേരിപ്പിച്ചത് ഗീതു മോഹൻദാസും ഡബ്ല്യു.സി.സി. യുമാണെന്ന ആക്ഷേപം തുടക്കം മുതലേ ആരാധകർ ഉന്നയിച്ചിരുന്നതാണ്. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ “സേ ഇറ്റ്, സേ ഇറ്റ്” എന്ന് വിളിച്ച് ആവേശഭരിതയാക്കിയ ഗീതു, മറ്റൊരു രീതിയിൽ പാർവതിയെ മുൻനിർത്തി ഒരു നിഴൽ യുദ്ധം തുടങ്ങുകയായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 2024ൽ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ ആണ് പാർവതി തിരുവോത്തിന്റേതായി മലയാളത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. കഴിഞ്ഞ വർഷം അവരുടേതായി ഒരു ഭാഷയിലും ചിത്രങ്ങൾ എത്തിയിരുന്നില്ല. ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ആണ് പാർവതിയുടെ പുതിയ മലയാള ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന സിരീസിലും പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസിൻ്റെ ഉപവിഭാഗമായ എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. ഒടിടി പ്ലാറ്റ്ഫോമിൽ നിർമാതാവ് എന്ന നിലയിൽ ഹൃത്വിക് റോഷൻ്റെ അരങ്ങേറ്റവുമാണ് ഈ ചിത്രം. സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സിരീസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. മുംബൈയാണ് കഥ നടക്കുന്ന പശ്ചാത്തലം.