
വിവാഹം കഴിയുന്നതോടെ നടിമാരെ മെയിന്‍ ലീഡ് നായിക റോളുകളില്‍ നിന്ന് മാറ്റിനിർത്തുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഭൂമിക ചൗള. “ഹിന്ദിയിൽ നായികമാർക്ക് അത്തരത്തിൽ പ്രശ്‌നമില്ലെന്നും. എന്നാൽ ഒരു കുഞ്ഞിന്റെ അമ്മയായി കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണെന്ന്” ഭൂമിക പറഞ്ഞു.
‘ഹിന്ദിയിൽ ആ പ്രശ്‌നമില്ല. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നായികമാരൊക്കെ അമ്മയായാലും അവര്‍ക്ക് നായികാ റോളുകള്‍ തന്നെയാണ് സിനിമകളില്‍ കിട്ടുന്നത്. അവരെ സൗത്ത് ഇന്ത്യന്‍ സിനിമയിലും നായികയാക്കുന്നു. പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമെല്ലാം നാല്‍പത് കഴിഞ്ഞതാണ്. എന്നിട്ടും ഇവിടെ നായിക റോളുകള്‍ വരുന്നു. കല്യാണം കഴിയുന്നതോടെ, ഒരു കുഞ്ഞിന്റെ അമ്മയായി കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ്. അവര്‍ക്ക് വേണ്ടി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവുന്നില്ല. അത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നില്ല. ജനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നതല്ല, എഴുതപ്പെട്ടാല്‍ തീര്‍ച്ചയായും സ്വീകരിക്കും.’ ഭൂമിക പറഞ്ഞു.
2000ൽ ഇറങ്ങിയ തെലുങ്ക് ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ് ഭൂമിക വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം, ആശ ശരത്തിനൊപ്പം ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭൂമിക പ്രധാനവേഷത്തിലെത്തിയിരുന്നു. 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്ര ത്തിലൂടെ യാണ് ബോളിവുഡിൽ ഭൂമിക അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള ‘സീ സിനി അവാർഡ്’ ലഭിച്ചു.
ഖുഷി, സില്ലിന് ഒരു കാതൽ തുടങ്ങിയ സിനിമകളിലൂടെ ഭൂമിക കൂടുതൽ ആരാധകരെ നേടിയെടുത്തു. ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു തുടങ്ങിയവരുടെയൊക്കെ കരിയറിന്റെ തുടക്കത്തില്‍ നായികയായതാണ് ഭൂമിക ചൗള. 2000 ല്‍ തുടങ്ങി 2010 വരെയും തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം നടി സജീവമായിരുന്നു.