“മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് ആണെങ്കിൽ പോലും അവരത് അറിയുകപോലുമില്ല”; ധ്യാനിനെ പിന്തുണച്ച് ശൈലജ പി. അംബു

','

' ); } ?>

നടൻ ശ്രീനിവാസന്റെ പൊതുദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റു നിന്നില്ല എന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് തിയറ്റർ ആർട്ടിസ്‌റ്റും അഭിനേത്രിയുമായ ശൈലജ പി. അംബു. ‘മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് തന്നെയോ മുന്നിൽ വന്നു നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല’യെന്ന് ശൈലജ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് തന്നെയോ മുന്നിൽ വന്നു നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും. അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്. പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്‌ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്.” ശൈലജ പി. അംബു കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രായത്തെ പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു ചില ചോദ്യം. ഒരു വ്യക്‌തി തൻ്റെ പ്രിയപ്പെട്ടവരുടെ മരണസമയത്ത് അനുഭവിക്കുന്ന വൈകാരിക സമ്മർദ്ദത്തെയും ശാരീരിക തളർച്ചയെയും ഭരണകൂട പ്രോട്ടോക്കോളുകളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് വലിയൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. ശ്രീനിവാസനെപ്പോലെയുള്ള ഒരു വ്യക്‌തിയുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്നിരിക്കെ, ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.