
തമിഴ് നടൻ ശിവകാർത്തികേയൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപെട്ടു. തിരക്കേറിയ റോഡിൽ വച്ച് ശിവകാർത്തികേയൻ്റെ കാർ മുന്നിലുള്ള കാറിൽ ഇടിക്കുകയായിരുന്നു. മതിയായ ഗ്യാപ്പില്ലാതെ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. അപകടത്തിൽപ്പെട്ട കാറിൽ ഒരു യുവതിയാണ് ഉണ്ടായിരുന്നതെന്നും അപ്രതീക്ഷിതമായി ഇവർ വാഹനം ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നും സംഭവത്തെ ഉദ്ധരിച്ച് തന്തി ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അപകടത്തിന് പിന്നാലെ രണ്ടു പേർ തമ്മിൽ തർക്കിക്കുന്നതും ശിവകാർത്തികേയൻ ഇവർക്കടുത്ത് നിൽക്കുന്നതിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കൂടാതെ വാക്കേറ്റം മൂർച്‌ഛിക്കുന്നത് കണ്ട് ട്രാഫിക് പൊലീസ് ഓടിയെത്തുന്നതും ഇടപെടുന്നതും വിഡിയോയിൽ കാണാം. പിന്നാലെ ശിവകാർത്തികേയൻ സംഭവ സ്‌ഥലത്ത് നിന്നും മാറുകയും ചെയ്യുന്നുണ്ട്. കറുത്ത ടീ ഷർട്ടാണ് താരം ധരിച്ചിരുന്നത്.
അതേ സമയം ശിവകർത്തികേയന്റേതായി ഒടുവിലെത്തിയ ചിത്രം മുരുഗദോസിന്റെ മദ്രാസിയാണ്. അമരന്റെ സൂപ്പർഹിറ്റ് വിജയത്തിനും ഗോട്ടിലെ കാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. സുധ കൊങ്കരയുടെ പരാശക്‌തിയാണ് ശിവകാർത്തികേയൻ്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. രവിമോഹനും ശ്രീലീലയും അഥർവയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ജനുവരി പത്തിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.