“ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല, എല്ലാവരും വളരെ സങ്കടത്തിലാണ് അതിലേറെ ദുഖത്തിലാണ് ഞാൻ”; മോഹൻലാൽ

','

' ); } ?>

ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് താൻ ചിന്തിക്കുന്നില്ലെന്ന് നടൻ മോഹൻലാൽ. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് തങ്ങളുടേതെന്നും, സിനിമനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും തങ്ങൾക്കിടയിലുണ്ടായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ സർക്കാസ്റ്റിക്കായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചിരുന്നതെന്നും, നല്ല സിനിമികൾക്ക് വേണ്ടിയാണ് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ശ്രീനിവാസൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു മോഹൻലാൽ.

“എൻ്റെ സിനിമ ജീവിതത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-പ്രിയദർശൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടുകൾ. അതിൽ ഒരാൾ നമ്മളെ വിട്ടുപോകുന്നുവെന്നത് അതീവ ദുഖകരമാണ്. ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല. അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എപ്പോഴും ജീവിച്ചിരിക്കാൻ സാധ്യതയുള്ള അപൂർവ്വം ചിലരിൽ ഒരാളാണെന്ന ഞാൻ വിശ്വസിക്കുന്നു. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് ഞങ്ങളുടേത്. സിനിമനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും ഞങ്ങൾക്കിടയിലുണ്ടായിരുന്നു.” മോഹൻലാൽ പറഞ്ഞു.

“മലയാളികൾക്ക് മുന്നിലേക്ക് നർമ്മത്തിലൂടെ ഒരുപാട് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം. സർക്കാസ്റ്റിക്കായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. നല്ല സിനിമികൾക്ക് വേണ്ടിയാണ് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത്. അടുത്ത കാലത്ത് അദ്ദേഹം അമൃതയിൽ ചികിത്സയിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു. പക്ഷെ, ഒരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാൽ കാണാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ള അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാനും സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരും വളരെ സങ്കടത്തിലാണ് അതിലേറെ ദുഖത്തിലാണ് ഞാൻ.” മോഹൻലാൽ കൂട്ടിച്ചേർത്തു.

നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ, മുകേഷ് പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്‌, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.