
വിദേശത്ത് വിദ്യാഭ്യാസം നേടിയ തമിഴിൽ നിന്നുള്ള ഒരു യുവനടിയെക്കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് നടൻ ജയറാം. ആദ്യം മാതൃഭാഷയിൽ സംസാരിക്കാനറിയില്ലെന്ന് പറഞ്ഞ് നടന്ന നടി പരിക്ക് പറ്റി വീണപ്പോൾ ഒഴുക്കോടെ മാതൃഭാഷ സംസാരിച്ചെന്നും, നമുക്ക് വേദനിക്കുമ്പോൾ മാതൃഭാഷ തന്നെ വായിൽ നിന്ന് വരുമെന്നും ജയറാം പറഞ്ഞു. രു തമിഴ് പുരസ്കാരചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
“കുറച്ചു നാൾ മുന്നേ തമിഴിൽ നിന്ന് ഒരു നായിക നടി മലയാളത്തിൽ എന്നോടൊപ്പം അഭിനയിക്കാൻ വന്നു. പേര് ഞാൻ പറയുന്നില്ല. അവർ തമിഴിൽ നിന്ന് ഉള്ളതാണ്. പക്ഷേ പഠിച്ചതെല്ലാം വിദേശത്തായിരുന്നു. വന്നപ്പോൾ തന്നെ ഞാൻ തമിഴിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ‘അയ്യോ എനിക്ക് തമിഴ് കുറച്ചു കുറച്ചു മാത്രമേ അറിയൂ, ഒഴുക്കോടെ സംസാരിക്കാൻ അറിയില്ല, സോറി’ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഓക്കേ. അതിനു ശേഷം കാപ്പി കൊണ്ടു വച്ചപ്പോഴൊക്കെ ഇംഗ്ലിഷിൽ ആണ് ‘കാപ്പി ഭയങ്കര ചൂടാണ്’ എന്നൊക്കെ പറഞ്ഞത്.” ജയറാം പറഞ്ഞു.
“അങ്ങനെ കുറെ ദിവസം സംസാരിച്ചതിന് ശേഷം ഒരു ദിവസം സ്കൂട്ടർ കൊണ്ടുവന്ന വീടിനു മുന്നിൽ വയ്ക്കുന്ന സീൻ എടുത്തപ്പോൾ സ്കൂട്ടറിൽ നിന്ന് താഴെ വീണ് കുട്ടിയുടെ കൈ മുറിഞ്ഞു. ആ സമയത്ത് ഞാൻ അകത്തു നിൽക്കുകയാണ്. മുറ്റത്തു ഭയങ്കര ശബ്ദമൊക്കെ കേൾക്കുന്നു. ഞാൻ ഓടിയിറങ്ങി വന്നു. സിനിമാ ലൊക്കേഷനിൽ ആർക്ക് എന്തു പറ്റിയാലും ഒരേ മരുന്നാണ് ഇടുന്നത്, യുഡികൊളോൺ. മേക്കപ്പ് മാൻ യുഡികൊളോൺ മുറിഞ്ഞിടത്ത് കൊണ്ടുവന്നു തേച്ചു. അപ്പൊ ഉടനെ, ‘അയ്യോ അമ്മാ നീറുന്നു നീറുന്നു’ എന്ന് തമിഴിൽ നിലവിളിച്ചു. അതുവരെ ഇംഗ്ലിഷ് മാത്രമേ അറിയൂ എന്ന് പറഞ്ഞു നിന്ന ആള് യുഡികൊളോൺ തേച്ചപ്പോൾ തമിഴിൽ ഒരേ നിലവിളി. നമുക്ക് വേദനിക്കുമ്പോൾ മാതൃഭാഷ തന്നെ വായിൽ നിന്ന് വരും.”-ജയറാം കൂട്ടിച്ചേർത്തു.
ജയറാമിന്റെ പരാമർശം വൈറലായതോടെ ഈ നടി ആരാകും എന്ന സംശയത്തിലാണ് പ്രേക്ഷകർ. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിൻ്റെ കോമഡി കഥാപാത്രങ്ങൾ പോലെതന്നെ പൊതുവേദികളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന അനുഭവങ്ങളും തമാശകളും ചിരിയുടെ തിരമാലകൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ജയറാമിൻ്റെ യുഡികൊളോൺ കഥയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.