ഇന്ത്യൻ കരസേനയുടെ ആദര തിളക്കം, ഒപ്പം 17 വർഷത്തിന്റെ നിറവിൽ “കുരുക്ഷേത്ര”

','

' ); } ?>

കഴിഞ്ഞ ദിവസമാണ് ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം നേടിയതിൽ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചത്. താൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും, സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു ആദരം സ്വീകരിച്ചതിനു പിന്നാലെ മോഹൻലാലിൻറെ പ്രതികരണം. മോഹൻലാൽ ആർമി ഓഫിസറായി എത്തിയ സിനിമകളൊക്കെയും ആരാധകരും പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. “അർഹത,പിൻഗാമി, കാണ്ഡഹാർ, കീർത്തി ചക്ര, കുരുക്ഷേത്ര, 1971 ബിയോണ്ട് ബോർഡേഴ്സ്, മാന്തികം” തുടങ്ങിയ ചിത്രങ്ങളൊക്കെയും ഒരു വ്യക്തിയുടെ ജീവിതത്തിലൂടെ ദേശ സ്നേഹത്തിന്റെ കഥ മനോഹരമായി പറഞ്ഞു പോയ ചിത്രങ്ങളാണ്. ഇന്ന് “കുരുക്ഷേത്ര” പുറത്തിറങ്ങിയിട്ട് 17 വർഷങ്ങൾ തികയുകയാണ്.

2008ൽ മേജർ രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കുരുക്ഷേത്ര, മലയാള സിനിമയിലെ ദേശസ്നേഹ യുദ്ധചിത്രങ്ങളിൽ ഏറ്റവും മികവുറ്റതും ആത്മഗൗരവപൂർണവുമായ ഒരു രചനയായി ഓർമ്മിക്കപ്പെടുന്നു. 2006 ൽ പുറത്തിറങ്ങിയ “കീർത്തി ചക്ര” എന്ന സിനിമയുടെ പ്രീക്വലായിട്ടാണ് കുരുക്ഷേത്ര ഒരുക്കിയിരുന്നത്. മോഹൻലാൽ അവതരിപ്പിച്ച കേണൽ മഹാദേവൻ എന്ന കഥാപാത്രം മലയാള സിനിമയിലെ വീരപുത്രന്മാരുടെ നിരയിൽ അതുല്യമായ സ്ഥാനമുറപ്പിച്ചവനാണ്. കീരീടത്തിലെ സേതുമാധവനോ ഭരതത്തിലെ ഗോപിനാഥനെയോ പോലെ തന്നെ, മഹാദേവനും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന കഥാപാത്രം തന്നെയാണ്. കാർഗിൽ യുദ്ധം പശ്ചാത്തലമാക്കി മേജർ രവി സൃഷ്ടിച്ച ഈ കഥ, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

ബിജു മേനോൻ അവതരിപ്പിച്ച മേജർ രാജേഷ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, മണിക്കുട്ടൻ തുടങ്ങിയവർ ജീവൻ നൽകിയ കഥാപാത്രങ്ങൾ, എല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു. സാനിയ സിംഗ് അവതരിപ്പിച്ച സ്ത്രീകഥാപാത്രവും സിനിമയുടെ ഭാവനാത്മകക്ക് ശക്തിയേകി. യുദ്ധത്തിന്റെ കരളലിയിക്കുന്ന യാഥാർത്ഥ്യത്തിനിടയിലും കുടുംബത്തിന്റെ നെയ്ത്ത് മൃദുവായ നിമിഷങ്ങൾ പ്രേക്ഷകരെ മനുഷ്യസൗന്ദര്യത്തിന്റെ മറുവശത്തേക്ക് നയിച്ചു. കുരുക്ഷേത്രയുടെ ഏറ്റവും വലിയ ശക്തി അതിന്റെ സംവിധാനമാണ്. സ്വന്തം ജീവിതത്തിൽ സൈനികജീവിതത്തിന്റെ വെല്ലുവിളികൾ അനുഭവിച്ച മേജർ രവി, യുദ്ധത്തിന്റെ തീവ്രതയും സൈനികരുടെ മാനസികാവസ്ഥയും വളരെ സ്വാഭാവികമായി പകർത്തി. അവിടെ തോക്കുകൾ മാത്രമല്ല സംസാരിക്കുന്നത്, ഹൃദയങ്ങളാണ് പൊട്ടിത്തെറിക്കുന്നത്.

സിദ്ധാർത്ഥ് വിപിന്റെ സംഗീതസംവിധാനം സിനിമയുടെ ഭാവതാളം കൂടുതൽ ഉയർത്തി. ഒരുയാത്രാമൊഴിയോടേ എന്ന ഗാനം, എം.ജി. ശ്രീകുമാറിന്റെയും ശ്വേത മോഹന്റെയും ശബ്ദങ്ങളിൽ, വീരതയുടെയും വേർപാടിന്റെയും അർത്ഥസാന്ദ്രത നിറച്ച ഗാനമായി ഇന്നും ഹൃദയത്തിൽ മുഴങ്ങുന്നു. ജ്വാലാമുഖിയും ചലോ ചലോ ജവാൻയും സൈനികജീവിതത്തിന്റെ തീപ്പൊരി പ്രതിഫലിപ്പിക്കുന്ന സവിശേഷതകൾകൊണ്ട് മികവുറ്റവയാണ്.

ഛായാഗ്രാഹകൻ എസ്. ലോകനാഥന്റെ കാമറയിലൂടെ യുദ്ധമേഖലയുടെ കഠിനതയും കാശ്മീരിന്റെ തണുപ്പും ഒരുപോലെ പ്രേക്ഷകനെ ആഴത്തിൽ ആകർഷിക്കുന്നു. പ്രൈം ഫോകസ് ഒരുക്കിയ വിഷ്വൽ എഫക്റ്റുകൾ ആ കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് അപൂർവ്വമായ ദൃശ്യവിസ്മയം സമ്മാനിച്ചു. സംഘട്ടന രംഗങ്ങൾ മാഫിയ ശശിയുടെ കരകയറ്റം കൊണ്ട് ആധുനികതയും ആവേശവും നിറഞ്ഞവയായി.

വീണ്ടും നോക്കുമ്പോൾ കുരുക്ഷേത്ര വെറും യുദ്ധത്തിന്റെ കഥയല്ല. അത് ഒരു സൈനികന്റെ മനസ്സിലെ ഭീതി, ദേശസ്നേഹം, ഉത്തരവാദിത്വം, നഷ്ടബോധം എന്നിവയുടെ സമന്വിതമായ ദൃശ്യകാവ്യമാണ്. മഹാദേവൻ മരണമെന്ന യാഥാർത്ഥ്യത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ കണ്ണുകളിൽ പതിയുന്നത് “ഇന്ത്യയെ രക്ഷിക്കുക” എന്ന ദൗത്യമാണ്. മലയാള സിനിമയിൽ വീരതയും വികാരവും കൈകോര്‍ക്കുന്ന ചില ചിത്രങ്ങൾ മാത്രം ഉണ്ട്, അവയുടെ നിരയിൽ കുരുക്ഷേത്ര ഇപ്പോഴും അഭിമാനത്തോടെ നിലകൊള്ളുന്നു. പതിനേഴ് വർഷങ്ങൾക്കിപ്പുറവും, അതിന്റെ തീയും രക്തവും കണ്ണുനീരും ഇന്നും പ്രേക്ഷക മനസ്സിൽ പുതുമയോടെ തെളിയുന്നു.

“കുരുക്ഷേത്ര” അതൊരു യുദ്ധ ചിത്രമല്ല, അത് ഒരു മലയാളിയുടെ ഹൃദയത്തിലുണ്ടായ വീരതയുടെ സ്വരചിത്രമാണ്. രാജ്യത്തോടുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തിന്റെ ഓർമപ്പെടുത്തലാണ്.