
നാല് സിനിമകൾ ഈ ആഴ്ച ഒടിടിയിൽ എത്തും. നാനിയുടെ ഹിറ്റ് 3, മോഹൻലാൽ ചിത്രം തുടരും, സൂര്യ ചിത്രമായ റെട്രോ, ശശികുമാർ നായകനായി എത്തിയ ടൂറിസ്റ്റ് ഫാമിലി എന്നിവയാണ് ആ സിനിമകൾ. നാനി നായകനായ ‘ഹിറ്റ് 3’ ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് നടത്തിയത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രം മെയ് 29 ന് ഒടിടിയിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.
മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും ഈ മാസം 30 മുതലാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും. ഏപ്രിൽ 25 ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തിൽ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ. കേരളാ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. എന്നാൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. റെട്രോ നെറ്റ്ഫ്ലിക്സിലൂടെ മെയ് 31 ന് സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. ജൂൺ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനോടകം 75 കോടിയാണ് നേടിയത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷന്‍സും, ഡ്രാമയുമെല്ലാം സംവിധായകന്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നില്‍ക്കുന്ന പ്രകടനങ്ങള്‍ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണെന്നും പ്രതികരണങ്ങള്‍ ഉണ്ട്.
തിയേറ്ററിൽ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന അതേ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഒരു സിനിമയുടെ ഒടിടി റിലീസിനായും കാത്തിരിക്കുന്നത്. തിയേറ്ററിൽ വിജയിക്കാതെ പോലെ പല സിനിമകളും ഒടിടിയിൽ വലിയ വിജയമായിട്ടുണ്ട്. ഇപ്പോഴിതാ ഒടിടി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.