
“ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ” എന്ന ലേബലിൽ അറിയപ്പെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നടൻ ആസിഫ് അലി . ഓരോ വ്യക്തിയുടെയും ജീവിതയാത്രയിൽ വളർച്ചയ്ക്കായി ഒട്ടനവധി പേരുടെ പിന്തുണയും സ്നേഹവും അനിവാര്യമാണെന്നും, അത്തരം സംഭാവനകളെ മറന്ന് ഇത്തരം ലേബലുകൾ ഉപയോഗിക്കുന്നതിൽ പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു.
പുതിയ ചിത്രം ‘സർക്കീട്ടിന്റെ’ പ്രമോഷന്റെ ഭാഗമായി ഒരു സ്കൂളിൽ നടത്തിയ പരിപാടിയിലായിരുന്നു ആസിഫ് അലി ഈ സംവാദം നടത്തിയത്.
“ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. ഇന്ന് ഞാനെവിടെയായാലും നിൽക്കുന്നത് എനിക്ക് സ്‌നേഹവും പിന്തുണയും നൽകിയ എല്ലാ പേരുടെയും സംഭാവനയാണ്. സുഹൃത്തുക്കളും മാതാപിതാക്കളും അധ്യാപകരും മുതൽ നിങ്ങൾ കാണിക്കുന്ന ഈ സ്‌നേഹവും എല്ലാവരും ചേർന്നാണ് ഈ യാത്ര സാദ്ധ്യമാക്കിയത്. അതുകൊണ്ട് ഒരിക്കലും ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ എന്ന ലേബലിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ആസിഫ് പറഞ്ഞു.
ആദ്യദിനത്തിൽ 40 ലക്ഷത്തോളം രൂപയാണ് സിനിമ നേടിയത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ കളക്ഷനിൽ വർധനവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. അതേസമയം സർക്കീട്ട് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
സര്‍ക്കീട്ടിന്‍റെ അണിയറ പ്രവര്‍ത്തകര്‍: ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.