സിനിമക്കായ് പല തരത്തിലുള്ള പ്രമോഷനുകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു സിം ഇറങ്ങുന്നത്. മെഗാസ്റ്റാര്‍ മോഹന്‍ ലാല്‍ നായകനായെത്തുന്ന ചിത്രം ഒടിയന്റെ പ്രമോഷനുവേണ്ടി 3 ലക്ഷം എയര്‍ട്ടെല്‍ സിമ്മുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇത് കൂടാതെ ഒടിയന്റെ പ്രത്യേക കലണ്ടറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ആശീര്‍വാദ് സിനിമാസും എയര്‍റ്റെല്‍ ഇന്ത്യയും കൂടി പുറത്തിറക്കുന്ന സംരംഭത്തിന്
സഹായിയായി എത്തിയിരിക്കുന്നത് ലെനിക്കോ സൊല്യൂഷന്‍സാണ്. സിമ്മിന്റെ
ലോഞ്ചിങ്ങ് പരിപാടിയില്‍ ഒടിയന്റെ വേഷമണിഞ്ഞാണ് ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാര്‍ മോനോന് എത്തിയതെന്നായിരുന്നു സംസാരം. എന്നാല്‍ ഈയിടെ എസ്കലേറ്ററില്‍ നിന്ന് വീണ പരിക്കുകള്‍ കാരണമാണ് താനങ്ങനെ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജീവിതത്തിലും ഒടിയന്റെ പരീക്ഷണങ്ങള്‍ അനുഭവിക്കുകയാണെന്ന് അദ്ദേഹം തമാശയോടെ പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും ഭാരതി എയര്‍ടെല്‍ കേരളം-തമിഴ്നാട് സിഇഒ മനോജ് മുരളിയും ചടങ്ങില്‍ പങ്കെടുത്തു.
ഒടിയന് സിം ഉപഭോക്താക്കള്‍ക്ക് ഒടിയനെ നേരിട്ട് കാണാനുള്ള അവസരവും നിരവധി മത്സരങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് മത്സരങ്ങള്‍. സിം ഉപയോക്താക്കള്‍ക്ക് എയര്‍റ്റെല്‍ ആപ്പ് വഴി ഒടിയനെക്കുറിച്ചുള്ള മറ്റു അപ്ഡേറ്റ്സും ലഭ്യമാവും. എന്തായാലും ഒടിയന് ആരാധകര്‍ക്കുള്ള ഒരു ഒന്നാന്തരം സമ്മാനമായി എത്തിയിരിക്കുകയാണ് ഒടിയന് സിം.