ഫോറന്‍സിക് സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്ത്തകന് ഇ സനീഷ്. കുട്ടികളെ ക്രൂരമായി കൊല്ലുന്നത് കാണിക്കുന്ന സിനിമയായിട്ടും ബോറന്, വഷളന്‍, രോഗാതുര വയലന്‍സ് ഉണ്ട് ഈ സിനിമയില്‍ എന്ന് ഒരൊറ്റ റിവ്യൂവില്‍ ഒരു വരി കാണുന്നില്ലെന്നാണ് സനീഷ് പറയുന്നത്. വയലന്‍സുള്ള സിനിമകള്‍ ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും കുട്ടികളെ കൊല്ലുന്ന ഈ സിനിമ ബോറാണ് എന്ന് പറയാന്‍ പത്ത് സെക്കന്‍ഡ് ആലോചിക്കേണ്ടെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്..ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…
സ്പോയിലര്‍ അലര്‍ട് എന്ന സംഗതിയില്‍ വിശ്വസിക്കാത്ത ഒരാളാണ് ഇതെഴുതുന്നത്.കാശ് മുടക്കി സിനിമ കണ്ട ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ സിനിമാക്കഥ വെളിവാക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. സസ്പെന്‍സും കഥ പൊളിയാതിരിക്കലുമൊക്കെ സിനിമ ഉണ്ടാക്കുന്നവരുടെ ബാധ്യതയാണ്. കാണുന്നവരുടെയല്ല. എന്നാലും അങ്ങനൊരാചാരമുളളത് കൊണ്ട്, അതില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണേ ഇവിടെ വെച്ച് വായന നിര്‍ത്താവുന്നതാണ്.
- ഫോറന്‍സിക് ഒരു രോഗാതുരസിനിമയാണ്. ഏഴോ എട്ടോ കുട്ടികളെ കൊല ചെയ്ത ഒരു സീരിയല്‍ കില്ലറെ ഭയങ്കരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടുന്നതാണ് അതിന്റെ കഥ. ഈ ഏഴ് കൊലപാതകങ്ങളും വിശദമായും പരമബോറായും അങ്ങേയറ്റത്തെ വയലന്‍സോടെയും ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ആ സിനിമയിലെ രോഗാതുരത. ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ നെഞ്ചത്ത് കുത്തി കൊന്ന നിലയില്‍ ബോഡി കണ്ടെത്തിയാണ് സിനിമ തുടങ്ങുന്നത് തന്നെ. സിനിമയിലെ ഭയങ്കരന്മാരായ കുറ്റാന്വേഷകര്‍ നെഞ്ചത്ത് മുറിവേറ്റ ഈ കുഞ്ഞിന്റെ പടമൊക്കെ വിശദമായി നാട്ടുകാര്‍ക്ക് മുന്നില്‍ വിരിച്ചിട്ട് വെച്ചാണ് അന്വേഷണത്തിനായുള്ള ചര്‍ച്ചയും മറ്റുമൊക്കെ. സമാനമായൊരു സംഗതി റിയാലിറ്റിയിലാണെങ്കില് ഇന്നാട്ടിലെ ന്യൂസ് ചാനലുകളോ വാര്‍ത്താ പത്രങ്ങളോ അതേ പടി ഇത്തരം ഡെഡ് ബോഡി കാണിക്കാറില്ല എന്നോര്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള വയലന്‍സ് ചിത്രീകരിക്കുന്നതിലും പരസ്യപ്രദര്‍ശനത്തിന് വെക്കുന്നതിലുമൊക്കെ ഒരാധുനിക സമൂഹം കാണിക്കേണ്ട ഔചിത്യങ്ങളുണ്ട്. അത് ഈ സിനിമ പാലിക്കുന്നേയില്ല.
ഈ ഒരു കൊലപാതകമല്ല, ഇത് പോലത്തെ ആറോ ഏഴോ കുഞ്ഞുങ്ങളുടെ കൊലകളാണ് സീരിയല്‍ കില്ലര്‍ സിനിമയില്‍ നടത്തുന്നത്. ഈ കൊലകളില്‍ ഏതാണ്ടെല്ലാം ഒന്നിന് പുറകെ ഒന്നായി, നല്ല സവിസ്തരം ഷൂട് ചെയ്ത് വെച്ചിരിക്കുകയാണ് സംവിധായകര്‍. ആറ് ഏഴ് പ്രായത്തിലുള്ള കുഞ്ഞുങ്ങളെ.വായ് മൂടിക്കെട്ടിയ കുട്ടികളെ നേര്‍ക്ക് നേരെ അങ്ങ് കുത്തിക്കൊല്ലുകയാണ്,ഒരാളെ നെഞ്ചത്ത് ഒരു ടെഡി ബെയര്‍ വെച്ച് അതിനകത്തൂടെ കത്തി കയറ്റിക്കൊല്ലുന്നു,മറ്റൊരാളെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നു. വിദൂരദൃശ്യങ്ങളൊന്നുമല്ല, ക്യാമറ അടുത്ത് വെച്ച് .പേടിച്ച് വിറക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ക്ലോസ്, കത്തിയുടെ ക്ലോസ്. ഒരു ഊള ഇറച്ചിവെട്ട് ശാലാ സെറ്റപ്പിട്ട് അതിനകത്ത് വെച്ചാണ് ചോരയൊക്കെ ഇറ്റ് വീഴുന്ന കൊലപാതകങ്ങള്‍. ഗുടു ഗുടൂന്ന്ള്ള മ്യൂസിക്കും, ചോന്ന് ചോന്നിരിക്കുന്ന വെളിച്ചവും ഒക്കെ ചേര്‍ത്ത് ക്യാമറ പൂണ്ട് വിളയാടുകയാണ്.
ഫോറന്‍സിക് എന്നാണ് സിനിമയ്ക്ക് പേര്.ചങ്ങായ്മ്മാരേ, വലിയ ഫോറന്‍സിക് വിവരങ്ങളൊക്കെ വെച്ച് കൊലയാളിയെ പിടിക്കുന്നതിലെ ത്രില്ലാണ് സിനിമയുടെ ആനന്ദം ആയി ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ കൊലപാതകങ്ങളും ഇങ്ങനെ ഗോറി ആയി ചിത്രീകരിക്കേണ്ടുന്ന കാര്യമെന്താണ്. ആറ് കൊല നടന്നു എന്നങ്ങ് പറഞ്ഞ് അന്വേഷണത്തിലെ ത്രില്ല് കാണിച്ചാല്‍ പോരേ. കുഞ്ഞുങ്ങളെ പോയിന്റ് ബ്ലാങ്കില്‍ കുത്തിക്കൊല്ലുന്നത് കാണിക്കുന്നതിന് ഈ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റൊക്കെ കിട്ടുന്നതെങ്ങനെയാണാവോ. പതിനായിരം റിവ്യൂ വരും ഓരോ സിനിമയിറങ്ങുമ്പോളും നാട്ടില്‍. ഇതെക്കുറിച്ചും ഉണ്ട്. ബോറന്, വഷളന്‍, രോഗാതുര വയലന്‍സ് ഉണ്ട് ഈ സിനിമയില്‍ എന്ന് ഒരൊറ്റ റിവ്യൂവില്‍ ഒരു വരി കാണുന്നില്ല. അതെന്താണാവോ. ഇനി അതും ഈ സ്പോയിലര്‍ അലര്‍ട്ടില്‍ പെടുമോ?
1.സിനിമയില്‍ വയലന്‍സ് കണ്ടാല്‍ ആകെ പേടിച്ച് വിരണ്ട് പോകുന്നയാളല്ല ഇതെഴുതുന്നയാള്‍ എന്ന് കൂടെ പറഞ്ഞ് കൊള്ളട്ടെ. പുറത്ത് ചുറ്റുപാടുകളില്‍ തന്നെ ആവശ്യത്തിന് ഹിംസ ഉള്ള നാട്ടിലും കാലത്തും ആണല്ലോ നമ്മള് ജീവിക്കുന്നത്. അന്നാട്ടില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ ഏറ്റവുമേറെ നടന്ന കാലത്താണ് വളര്‍ന്നത്്. അക്കാലത്ത് അവയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വരും വിധം അത്രയ്ക്കടുത്ത് നില്‍ക്കേണ്ടി വന്നിട്ടുമുണ്ട്. സിനിമയിലാണെങ്കില്‍ പസ്സോളിനിയുടെ 120 ഡേയ്സ് ഓഫ് സോദോം മൂന്ന് തവണ കണ്ടയാളാണ്. നെറ്റ്ഫല്ക്സിലെ മര്‍ഡര്‍ ത്രില്ലറുകള്‍ ഒന്നിന് പിന്നാലെ ഒന്നായി കാണുന്നുണ്ട്. കീഗോ ഹിഗാഷിനോ തൊട്ട് ജോ നെസ്ബോ വരെയുള്ളവരെ വായിക്കുന്നുമുണ്ട്. ലോകത്ത് ത്രില്ലര്‍ കാലം എമ്മട്ടിലാണ് മുന്നോട്ട് പോകുന്നത് എന്നും ആര്‍ട്ടില്‍ ഹിംസ എങ്ങനെയൊക്കെ ചിത്രീകരിക്കപ്പെടാം എന്നതിനെ സംബന്ധിച്ചും തരക്കേടില്ലാത്ത ധാരണയുള്ളയാളാണ്. എന്നാലും കുട്ടികളെ കൊല്ലുന്ന ഈ സിനിമ ബോറാണ് എന്ന് പറയാന്‍ പത്ത് സെക്കന്‍ഡ് ആലോചിക്കേണ്ട.
പറയാതിരിക്കാന്‍ പറ്റില്ല. ഫോറന്‍സിക് ഒരു രോഗാതുരസിനിമയാണ്. സംഗതി കാശുണ്ടാക്കുകയൊക്കെ ചെയ്യുമായിരിക്കും. എന്നാലും സമൂഹത്തെക്കുറിച്ച് ബോധ്യങ്ങളുള്ളവര്‍ എതിര്‍ത്ത് സംസാരിച്ച് പോകേണ്ട സിനിമയാണ് ഇതെന്ന് വിചാരിക്കുന്നു.