മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്ക് ജനുവരി 23 ന് തിയേറ്ററുകളിലെത്തും. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദി മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തമിഴ് താരം രാജ്കിരണ് ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.