മലയാള സിനിമയിലെ അണിയറയില്‍ സ്ത്രീ സാന്നിധ്യം വളരെ വിരളമായിരുന്ന ഒരു കാലത്താണ് സമീറ സനീഷ് എന്ന പ്രതിഭ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ലോക സിനിമയില്‍ തന്നെ വസ്ത്രാലങ്കാരകരില് ചുരുങ്ങിയ കാലം കൊണ്ട് ഇത്രത്തോളം സിനിമകള്‍ക്ക് ഡിസൈന്‍ ചെയ്ത കലാകാരന്മാരും വിരളമാണ്. പരസ്യചിത്രങ്ങള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം നിര്വഹിച്ചായിരുന്നു സമീറയുടെ തുടക്കം. ജാസ് ഖാന് സംവിധാനം നിര്‍വഹിച്ച ‘വൈറ്റ് എലഫന്റ്’ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് സിനിമാലോകത്തെ തുടക്കം. പിന്നീട് ആഷിക് അബുവിന്റെ ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെത്തിയ സമീറ വസ്ത്രാലങ്കാരത്തിലെ അവിഭാജ്യ ഘടകമാണ്. സിനിമയിലെത്തുന്നതിന് മുമ്പേ തന്നെ പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്ന സമീറ നിത്യ മേനോന്, പൃഥ്വിരാജ് എന്നിങ്ങനെയുള്ള വലിയ താരങ്ങള്‍ക്ക് വേണ്ടിയാണ് ആദ്യമായി വസ്ത്രങ്ങള്‍ തുന്നിച്ചേര്‍ത്തത്. ഇപ്പോള്‍ 10 വര്‍ഷക്കാലയളവുകൊണ്ട് 150ാളം ചിത്രങ്ങളടങ്ങിയ ഒരു വലിയ സിനിമാജീവിതം തന്നെ ഈ കലാകാരിക്കുണ്ട്. തന്റെ സിനിമാജീവിതത്തേക്കുറിച്ച് സമീറ സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ്.
- ഡിസൈനിങ്ങ് രംഗത്ത് നിന്നും വന്ന് ഇപ്പോള്‍ മലയാള സിനിമയുടെ ഒഴിച്ചുകൂടാത്ത ഭാഗമായിരിക്കുകയാണ് സമീറ. എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്…?
ആഡ് ഫിലിമുകൡലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി വര്‍ക്ക് ചെയ്യുന്നത്.
- മമ്മൂക്കയോടൊപ്പം തുടക്കം കുറിക്കാന്‍ സാധിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു? എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പിന്തുണയും ഡ്രെസ്സിങ്ങിലെ താല്‍പ്പര്യങ്ങളും…?
ആദ്യ ചിത്രത്തില്‍ നിന്ന് തന്നെ മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ആഷിഖ് ആണെങ്കിലും നല്ല സപ്പോര്‍ട്ടായിരുന്നു. അദ്ദേഹത്തിന് ഡ്രെസ്സിങ്ങില്‍ അങ്ങനെ പ്രത്യേക താല്പര്യങ്ങളൊന്നുമില്ല. ദുല്‍ഖറിന് വേണ്ടി ഡിസൈന്‍ ചെയ്തതില്‍ എന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഞാന്‍ പടത്തിന് വേണ്ടി ഡിസൈന്‍ ചെയ്യുന്നത് സ്റ്റുഡിയോയില്‍ വെച്ചാണ്. അപ്പോള്‍ അവിടെ നിന്ന് ഡമ്മി ഒക്കെ വെച്ചാണ് ചെയ്യുക. അതൊക്കെ മമ്മൂക്ക പറഞ്ഞു തരുമായിരുന്നു. പക്ഷെ മമ്മൂക്കയുടെ ലുക്ക് വെച്ച് ഒരു ഡമ്മി വെച്ചിട്ടും കാര്യമില്ല.
- എങ്ങനെയാണ് സമീറയുടെ ഒരു ഡിസൈനിങ്ങ് രീതി, താരങ്ങളോടൊക്കെ ആദ്യമേ അഭിപ്രായങ്ങള്‍ ചോദിച്ചാണോ ചെയ്യാറ്…?
ആദ്യം ഞാന്‍ സ്ക്രിപ്റ്റ് കേള്‍ക്കും. പിന്നീട് കഥാപാത്രങ്ങള്‍ ആരാണെന്ന് മനസ്സിലാക്കും. പിന്നീട് അവര്‍ക്ക് വേണ്ടതായിട്ടുള്ള രീതിയിലുള്ള സാധനങ്ങള്‍ നമ്മള് ക്രിയേറ്റ് ചെയ്യുകയാണ്. മിക്കവാറും എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്. പക്ഷെ മഞ്ജു വാര്യരൊക്കെയാണെങ്കില് ഒന്നും ചോദിക്കാറില്ല. കാരണം എന്റെ ഡിസൈനില്‍ കംഫര്‍ട്ടബിളാണ്. ”സമീറയാണ് ഡിസൈന്‍ ചെയ്യുന്നത് എന്നുള്ളത് കൊണ്ട് ഞാന്‍ ചോദിക്കാറേയില്ല” എന്ന് പറയാറുണ്ട്. എല്ലാവരും പൊതുവേ കംഫര്‍ട്ടബിളാണ്(ചിരിക്കുന്നു).
- കൂടെ ഒരു വലിയ ഡിസൈനിങ്ങ് ക്രൂ തന്നെയുണ്ട്. എങ്ങനെയായിരുന്നു അവരെ പരിചയപ്പെട്ടതും കണ്ടെത്തിയതും…?
ആദ്യ പടം തൊട്ട് കൂടെയുള്ള കുറേ പേര് ഇപ്പോഴും കൂടെയുണ്ട്. ഓരോ പുതിയ പടം ചെയ്യുമ്പോഴൊക്കെയാണ് ഞങ്ങള്‍ക്ക് പുതിയ മെമ്പേഴ്സിനെ കിട്ടാറുള്ളത്. സിനിമയില്‍ തന്നെ വര്‍ക്ക് ചെയ്യുന്നവരാണ് അധികപേരും. അതുപോലെ സിനി കോസ്റ്റിയൂം ഡിസൈനേഴ്സ് എന്ന ഞങ്ങളുടെ യൂണിയനില്‍ നിന്ന് കിട്ടുന്നവരും ഉണ്ട്.
- ഇഷ്ടപ്പെട്ട കളറിനേക്കുറിച്ച്..ചെയ്യുന്ന സിനിമകളില്‍ ആ ഒരു കളറിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ…?
ഇഷ്ടപ്പെട്ട കളര്‍ ബ്ലാക്കാണ്. പക്ഷെ സിനിമകളിലേക്ക് വരുമ്പോള്‍ സ്ക്രിപ്റ്റിനനുസരിച്ചേ നമുക്ക് ഡിസൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഓരോ സിനിമക്കും ഓരോ കളര്‍ പാലറ്റ് ഉണ്ടാവും. അതിനനുസരിച്ചാണ് നമ്മള് ഡ്രസ്സുകള്‍ തിരഞ്ഞെടുക്കാറ്.
- ചില സിനിമകളില്‍ കളര്‍ പാലറ്റിനുപരി ഒരു കലാകാരന്റെ ടച്ച് ആവശ്യമായി വരുമ്പോള്‍ എന്താണ് ചെയ്യാറ്…?
ഞാന്‍ ആദ്യം ചെയ്ത ഡാഡി കൂള്‍ മുതല്‍ ഇപ്പോള്‍ വരെ ഏകദേശം നൂറ്റമ്പതോളം ചിത്രങ്ങളായിട്ടുണ്ട്. ഇപ്പോള്‍ ഒരു മൂന്ന് നാലു വര്‍ഷമായിട്ട് സിനിമകളിലെ വസ്ത്ര ധാരണ രീതിയൊക്കെ വളരെ റിയലിസ്റ്റിക്ക് ആയിട്ടുണ്ട്. പണ്ട് പക്ഷെ വ്സത്ര ധാരണ രീതിയൊക്കെ വളരെ സിനിമാറ്റിക്കായിരുന്നു. നായികയൊക്കെ വളരെ നല്ല ഡ്രസ്സൊക്കെയിട്ടാണ് നില്ക്കുക. പക്ഷെ ഇപ്പോള്‍ എല്ലാം വളരെ നാച്യുറലാണ്. അതിനനുസരിച്ച് വസ്ത്ര ധാരണരീതിയും വളരെ റിയലിസ്റ്റിക്കായിട്ടുണ്ട്.
- വസ്ത്രലാങ്കാര രംഗത്ത് നിന്നും കിട്ടിയ സ്റ്റേറ്റ് അവാര്ഡുകളേക്കുറിച്ച്…
അങ്ങനെ ഒരു അവാര്‍ഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 2014 ല്‍ കിട്ടിയ അവാര്‍ഡിന് വളരെ സന്തോഷം തോന്നിയിരുന്നു. എല്ലാവരെയും പോലെ മലയാള സിനിമയില്‍ നിന്നും ഒരു സ്റ്റേറ്റ് അവാര്‍ഡ് എങ്കിലും കിട്ടണമെന്നുണ്ടായിരുന്നു.
- ഡ്രസ്സ് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ?
‘പ്രാഞ്ചിയേട്ടന്’ലെ മമ്മൂക്കയുടെ ഗെറ്റപ്പ് വളരെ ഇഷ്ടമാണ്. തൃശ്ശൂര്ക്കാര് പയ്യന്മാരുടെ ഒരു സ്റ്റൈലായിരുന്നു ആ സിനിമയില്‍ മമ്മൂക്കയ്ക്ക്. അതുപോലെ ചാര്‍ളിയിലെ ദുല്‍ഖറിന്റെ ഗെറ്റപ്പ് വളരെ ഇഷ്ടമാണ്. മാര്ട്ടിന് ഫോട്ടാഗ്രാഫറായിരുന്നത് കൊണ്ട് കളറിന്റെ കാര്യത്തിലൊക്കെ വളരെ കണ്സേണ്ഡായിരുന്നു. ചാര്‍ളിയുടെ ഓരോ ഫ്രെയ്മിലെയും കളര്‍ ടോണ്‍ അത്ര ശ്രദ്ധയോടെയാണ് കണ്ടിരുന്നത്.
- ഒരു വസ്ത്രാലങ്കാരകയെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങാണ് പിരീഡ് ഡ്രാമ, അല്ലെങ്കില്‍ എപ്പിക് ചിത്രങ്ങള്‍. അത്തരം ചാലഞ്ചിങ്ങായ ഒരു അനുഭവത്തേക്കുറിച്ച്…?
‘കമ്മാരസംഭവം’ പോലെയുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് അങ്ങനെയുള്ള ഒരു ചാലഞ്ച് തോന്നിയിരുന്നു. അതില്‍ ദിലീപേട്ടന്റെ മൂന്നോളം ഗെറ്റപ്പുകളുണ്ടായിരുന്നു. അത് മൂന്നും വ്യത്യസ്തമായിട്ട് തന്നെ ചെയ്യാന്‍ പറ്റി. സെക്കന്‍ഡ് ഹാഫിലെ അദ്ദേഹത്തിന്റെ ഒരു ഗെറ്റപ്പില്‍ ഇന്നുവരെ ഒരു സിനിമയിലും വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്ര കട്ട താടിയൊക്കെ വെച്ച ദിലീപേട്ടന്റെ ഒരു ലുക്ക് അതിന് മുമ്പ് ഉണ്ടായിട്ടില്ല.
- അഞ്ച് വര്‍ഷം കൊണ്ട് 52ാളം ചിത്രങ്ങളില്‍ ചെയ്ത വസ്ത്രാലങ്കാരത്തിന് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു പ്രതിഭ കൂടിയാണ് സമീറ. റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ച്…?
ഞാനൊരൊറ്റ സിനിമ ചെയ്യാന്‍ വേണ്ടി വന്ന ആളാണ്. ആഷിക് അബു പടം ചെയ്യാനായി എന്നെ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വലിയ താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. ആഡ് ഫിലിംസില്‍ തന്നെ തിരക്കിട്ട് നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതില്‍ നിന്ന് മാറാനുള്ള ഒരു മടിയുണ്ടായിരുന്നു. പിന്നെ ആദ്യ ചിത്രം ചുമ്മാ ചെയ്തപ്പോള്‍ എനിക്ക് ഒരു അനുഭവം ലഭിച്ചു. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ ഞാന്‍ എന്റെ അപ്പനോട് കൂടി ഒന്ന് ചോദിച്ചു. അവസരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് ചെയ്യുകയായിരുന്നു. റെക്കോര്‍ഡിന്റെ കാര്യം ഒരു ഫ്രണ്ട് വഴിയാണ് അറിയുന്നത്. അവര്‍ തന്നെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു.
- ഏതൊക്കെയാണ് പുതിയ വര്‍ക്കുകള്‍…?
‘ഫോറന്‍സിക്’ എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുപോലെ ആസിഫ് അലിയെ വെച്ച് ഒരു ഷോര്‍ട്ട് ഫിലിം തുടങ്ങാന്‍ പോകുന്നുണ്ട്. പിന്നെ സൂഫിയും സുജാതയും എന്ന് പറയുന്ന ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്. ഇത് കൂടാതെ രണ്ട് പടങ്ങള്‍ കൂടിയുണ്ട്. അതിന്റെ എക്സൈറ്റ്മെന്റിലാണ്.
- ഡിസൈനിങ്ങാണ് തന്റെ മേഖലയെന്ന് എപ്പോഴാണ് തിരിച്ചറിയുന്നത്…?
ഞാന്‍ അത്യാവശ്യം പെയ്ന്റിങ്ങ്സൊക്കെ ചെയ്യുന്ന ഒരാളായിരുന്നു. അതുപോലെ ഫാബ്രിക് പെയ്ന്റിങ്ങും എല്ലാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഫാഷന്‍ ഡിസൈനിങ്ങില്‍ ചേര്‍ന്നു, സിനിമയില്‍ ചെയ്യണം എന്നൊന്നും മനസ്സില്‍ വിചാരിച്ചിട്ടില്ല. കോഴ്സ് കഴിഞ്ഞ ഉടനെ ഞാന്‍ ഒരു ആഡ് ഫിലിമിന് വേണ്ടി ചെയ്തു. പിന്നെ ഞാന്‍ ആഡ് ഫിലിമില്‍ സ്ഥിരമായിരുന്നു. അത് ശരിക്കും അവിചാരിതമായിട്ടുള്ള ഒരു സംഭവമാണ്.. ആഡ് ഫിലിമില്‍ നിന്നാണ് സിനിമയിലേക്കെത്തിയത്.
- ഫാമിലിയെക്കുറിച്ച്…
ഭര്‍ത്താവ് ടെലികോമില്‍ വര്‍ക്ക് ചെയ്യുകയാണ്. സനീഷ് എന്നാണ് പേര്. ഒരു മകനുണ്ട്. ഇപ്പോള്‍ രണ്ട് വയസ്സായി. ഏടൂരാണ് ഞങ്ങളുടെ
വീട്.
- സിനിമാമേഖലയില്‍ സ്ത്രീകള്‍ അണിയറയില്‍ വളരെ കുറവാണ്. ഇത്ര ധൈര്യത്തോടെ എങ്ങനെയാണ് മുന്നോട്ട് പോകുന്നത്…?
ആദ്യത്തെ ഒരു രണ്ട് മൂന്ന് സിനിമകളില്‍ വര്‍ക്ക് ചെയ്തപ്പോള്‍ തന്നെ എങ്ങനെയാണ് സിനിമ എന്നുള്ള ഒരു ധാരണ കിട്ടിയിട്ടുണ്ടായിരുന്നു. സിനിമ എന്നാല്‍ ശരിക്കും ഒരു കുടുംബം പോലെ എല്ലാവര്ക്കും സൗഹൃദത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു മേഖലയാണ്. ഇന്നുവരെ എനിക്ക് സിനിമയില്‍ നിന്നും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. എല്ലാ സെറ്റിലുള്ള ആള്‍ക്കാരും അത്രയേറെ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരാണെങ്കിലും ഡ്രൈവേഴ്സാണെങ്കിലും ഇന്ന് വരെ അങ്ങനെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.
- ഇന്‍സ്പയറായി കൂടെ വര്‍ക്ക് ചെയ്യാന്‍ വന്നവരുണ്ടോ…?
ഇപ്പോള്‍ ഈ മേഖലയിലേക്ക് ഒരുപാട്പേര് വരുന്നുണ്ട്. ഞാന്‍ വരുന്ന സമയത്തൊന്നും അധികമാരുമുണ്ടായിരുന്നില്ല.