പുതുവര്‍ഷത്തില്‍ പേടിപ്പിക്കാനൊരുങ്ങി സണ്ണി വെയ്‌നും മഞ്ജുവും : ‘ചതുര്‍ മുഖം’ ആദ്യ പോസ്റ്റര്‍ കാണാം

2020 പുതുവര്‍ഷമാരംഭിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായി ഒരുപാട് സിനിമകളുടെ പ്രഖ്യാപനങ്ങളുണ്ടായത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരുടെയും കൗതുകം ഒരുപോലെ നേടിയിരിക്കുകയാണ് സണ്ണി വെയ്‌നും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചതുര്‍ മുഖം എന്ന ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ താരങ്ങള്‍ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെച്ചത്. നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജുവിന്റെ കരിയറിലെ ആദ്യ ഹൊറര്‍ ചിത്രമാണെന്നതാണ് ഏറ്റവും ആകര്‍ഷണീയം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നേരത്തെ തന്നെ ആരംഭിച്ചതായാണ് സൂചനകള്‍. അതേ സമയം സണ്ണി വെയ്ന്‍ തന്നെ നായകനായെത്തുന്ന ചെത്തി മന്ദാരം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. സണ്ണി വെയ്‌നും ആര്‍ എസ് വിമലും ആര്‍ എസ് വിമല്‍ ഫിലിംസിന്റെ ബാനറിലൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ച് ഇന്ന് വലിയ ചടങ്ങുകളോടെയാണ് റിലീസ് ചെയ്തത്. മഞ്ജു വാര്യറായിരുന്നു ചടങ്ങില്‍ മുഖ്യ അതിഥിയായെത്തിയത്.

അലന്‍സിയര്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, നിരഞ്ജന അനൂപ്, ബാബു അന്നൂര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചതുര്‍ മുഖത്തില്‍ അണിനിരക്കുന്നത്. ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ് നിര്‍വ്വഹിക്കുന്നത്.