പുലിമുരുകന് ശേഷം ഇട്ടിമാണിയിലും ലാലേട്ടനൊപ്പം, വിനു മോഹന്‍ പറയുന്നു

','

' ); } ?>

നിവേദ്യം, സൈക്കിള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുവതാരമാണ് വിനു മോഹന്‍. ലോഹിതദാസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചെങ്കിലും മലയാള സിനിമയില്‍ വേണ്ടത്ര രീതിയില്‍ തിളങ്ങാന്‍ കഴിയാതെപോയ വിനു ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയനായും, ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചേട്ടനായും ഇതിനോടകം വിനുമോഹന്‍ അഭിനയിച്ചു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായെത്തി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് വിനുവിന്റെ ഏറ്റവും പുതിയ ചിത്രം. സെല്ലുലോയ്ഡുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിനു മോഹന്‍.

  • ലാലേട്ടനൊപ്പം ഇട്ടിമാണിയില്‍ വീണ്ടും.. എന്ത് തോന്നി?

ഇട്ടിമാണി ഒരു ഫാമിലി മൂവിയാണ്. വളരെ സാധാരണ രീതിയില്‍ പറഞ്ഞുപോകുന്ന ഒരു സബ്ജക്ടിനൊപ്പം നല്ലൊരു ഹ്യൂമര്‍ ബാക്കപ്പ് ഉള്ള സിനിമയാണ്. അജോ എന്ന ക്യാരക്ടറാണ് ഞാന്‍ ഈ ചിത്രത്തില്‍ ചെയ്തത്. രാധിക ശരത്കുമാറിന്റെ മക്കളില്‍ ഒരാളായിരുന്നു. ചിത്രത്തില്‍ ലളിതാന്റിയും ലാലേട്ടനും ഞങ്ങളുടെ അയല്‍വാസികളാണ്. ഒരുപാട് എക്‌സ്പീരിയന്‍സുള്ള അസോസിയേറ്റ്‌സായിരുന്ന ജിബി ചേട്ടനും ജോജുവുമായിരുന്നു ചിത്രത്തിന്റെ ഡയറക്ടേഴ്‌സ്. വളരെ എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത സിനിമയായിരുന്നു ഇട്ടിമാണി.

  • എന്തെല്ലാം പുതുമകളാണ് ചിത്രത്തില്‍ തോന്നിയത് ?

ചിത്രത്തിന്റെ പേര് കേട്ടത് മുതല്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. തൃശൂര്‍ ഭാഷയാണ് ചിത്രത്തില്‍ ലാലേട്ടന്‍ സംസാരിക്കുന്നത്. എനിക്ക് തോന്നുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നല്ലൊരു തൃശൂര്‍ ഭാഷയില്‍ ലാലേട്ടന്‍ അഭിനയിച്ചത്. ക്രിയേറ്റഡ് ഹ്യൂമര്‍ അല്ല പകരം സബ്ജക്ടിനോട് ചേര്‍ന്നു നില്‍ക്കുന്ന ഹ്യൂമറുകളാണ് ചിത്രത്തില്‍.

  • മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് പുലിമുരുകന്‍. ലാലേട്ടനൊപ്പമുള്ള അനുഭവം?

ഒരു സാധാരണ സിനിമയ്ക്ക് 60 ദിവസമൊക്കെയാണ് ഷൂട്ടിംഗ് ഉണ്ടാവുക. പക്ഷെ പുലിമുരുകനെ സംബന്ധിച്ച് ഏകദേശം ഇരുനൂറ് ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. എന്റെ ഒരു വയസ്സ് ലാലേട്ടന്റെ കൂടെ ചെലവഴിച്ചപോലെയായിരുന്നു ആ സിനിമ. പുലിമുരുകന്റെ ഏറ്റവും കൂടുതല്‍ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്ന കാട്ടിലേക്ക് അങ്ങനെ എളുപ്പം ആള്‍ക്കാര്‍ക്ക് കയറി വരാന്‍ പറ്റില്ല. ആകെപാടെ അവിടെ ക്രൂ മെമ്പേഴ്‌സ് മാത്രമേ ഉള്ളു. ഫോണുകള്‍ക്ക് തീരെ റെയിഞ്ചും ഇല്ല. വേറെ സ്ഥലങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാവരും ഷൂട്ട് കഴിഞ്ഞ് ആ സെറ്റില്‍ തന്നെ ഇരുന്നാണ് ഭക്ഷണം കഴിക്കുക. പഴയകാല ഷൂട്ടിംഗ് സെറ്റുകളിലുണ്ടാവുന്ന കൂട്ടായ്മയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജനക്കൂട്ടമില്ല, ബഹളമില്ല, മറ്റ് ബന്ധങ്ങളില്ല. രാവിലെ 8മണിക്കൊക്കെ കയറിക്കഴിഞ്ഞാല്‍ വൈകീട്ട് ആറ് വരെ സെറ്റിലുള്ള ആള്‍ക്കാരെ മാത്രമാണ് കാണുന്നത്. അതൊരു വലിയ എക്‌സ്പീരിയന്‍സായിരുന്നു. ഒരു സൂപ്പര്‍സ്റ്റാറെന്നൊ മഹാനടനാണെന്നോ ഉള്ള പെരുമാറ്റരീതിയേ അല്ല ലാലേട്ടന്. വളരെ കൂളാണ്, നമ്മളെക്കാള്‍ ഫ്രണ്ട്‌ലിയാണ്. അതിലും താഴെ എങ്ങനെയാണ് സിംപിളാവുക എന്നു നമ്മള്‍ ചിന്തിച്ചുപോകും.

  • ചിത്രത്തിലെ ഫൈറ്റ് രംഗത്തെക്കുറിച്ച്…

നാല് ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ലാലേട്ടന് അന്ന് ഷോള്‍ഡര്‍ പെയ്ന്‍ ഉള്ള സമയത്തായിരുന്നു ആ ഫൈറ്റ് ഷൂട്ട് ചെയ്തത്. സ്‌ട്രെയിന്‍ ഭയങ്കരമായിട്ടുണ്ട്. ആ ഒരു നാല് ദിവസം എനിക്ക് ഭക്ഷണം അധികം കഴിക്കാന്‍ പാടില്ലായിരുന്നു. കാരണം അധികം ഭക്ഷണം കഴിച്ചാല്‍ തൂങ്ങികിടക്കാന്‍ ബുദ്ധിമുട്ടാവുമായിരുന്നു. ഓരോ ഷോട്ട് എടുക്കുമ്പോഴും ലാലേട്ടന്‍ ചോദിക്കുമായിരുന്നു മോനേ കംഫര്‍ട്ടാണൊ എന്ന്. അങ്കമാലിയിലെ ഒരു ഫ്‌ളോറില്‍വെച്ചാണ് ആ ഫൈറ്റ് ഷൂട്ട് ചെയ്തത്. ലാലേട്ടന്‍ ആരാധകരായ മൂന്നൂറോളംപേര്‍ ദിവസവും ലാലേട്ടനൊപ്പം ഫോട്ടൊയടുക്കാന്‍ വരും. ഉച്ചയ്ക്ക് ബ്രെയ്ക്ക് ടൈമില്‍ നമ്മള്‍ ഭക്ഷണം കഴിച്ച് റെസ്റ്റ് എടുക്കുന്ന സമയത്ത് ലാലേട്ടന്‍ ഡ്രസ്സ് മാറി ഫോട്ടോയെടുക്കാന്‍ പോകും. ആ നാല് ദിവസം ലാലേട്ടന്‍ റെസ്‌റ്റെടുത്തതായി ഞാന്‍ കണ്ടിട്ടില്ല. അത്രയും സ്‌ട്രെയിന്‍ എടുത്ത് വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് നമ്മള്‍ ലെജന്‍ഡറി എന്ന് അദ്ദേഹത്തെ പറയുന്നത്.

  • മുപ്പതിലധികം ചിത്രമാണ് വിനു ഇക്കാലയളവില്‍ ചെയ്തിരിക്കുന്നത്. അരങ്ങേറ്റം നിവേദ്യത്തിലൂടെയാണ്. ലോഹിസാറിന്റെ അനുഗ്രഹത്തോട്കൂടി അരങ്ങേറ്റംകുറിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടിയിട്ടുള്ള അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ അഭിനയത്തില്‍ എത്രത്തോളം ഗുണം ചെയ്തിട്ടുണ്ട്?

അതൊരുപാട് ഗുണം ചെയ്തിട്ടുണ്ട്. കൊല്ലം സൈഡിലുള്ളവരുടെയെല്ലാം സൗണ്ടില്‍ ഭയങ്കര ഹൈപിച്ച് കൂടുതലാണ്. ആദ്യം അത് കുറയക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അത് കഴിഞ്ഞ് എന്നെ പാട്ട് പഠിപ്പിക്കാന്‍ ചേര്‍ത്തു. അഭിനയിക്കാന്‍ വന്നിട്ട് എന്തിനാണ് പാട്ടു പഠിക്കുന്നതെന്ന് ചിന്തിച്ചൊരു അവസ്ഥയായിരുന്നു അത്. നമ്മള്‍ക്ക് സാര്‍ പറയുമ്പോള്‍ നോ എന്ന് പറയേണ്ട ആവശ്യമില്ലല്ലൊ. ആ പാട്ടു പഠിച്ചതിന്റെ ഗുണം മനസ്സിലാവുന്നത് ഡബ്ബിംഗിന്റെ സമയത്താണ്. സൗണ്ടിന്റെ വേരിയേഷന്‍ കണ്‍ട്രോള്‍ ചെയ്യാന്‍ അത് ഭയങ്കരമായിട്ട് സഹായിച്ചു. പുതിയൊരാള്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ആ ആളെ എങ്ങനെ മോള്‍ഡ് ചെയ്യാമെന്ന് കറക്ടായിട്ട് അറിയാവുന്നൊരു ഡയറക്ടാണ് അദ്ദേഹം. എനിക്ക് സിനിമയില്‍ ഏതെങ്കിലുമൊരു സീന്‍ ചെയ്യുമ്പോള്‍ കണ്‍ഫ്യൂഷനുണ്ടെങ്കില്‍ സാറിനെ ഫോണ്‍ചെയ്യും. സാറിന്റെ സപ്പോര്‍ട്ട് ഉണ്ടാവുമ്പോള്‍ നമുക്കൊരു കോണ്‍ഫിഡന്‍സാണ്. കുറച്ച്‌നാള്‍ മാത്രമേ ഞാന്‍ സാറിന്റെ കൂടെ ഉണ്ടായിരുന്നുള്ളുവെങ്കിലും ആ സമയത്ത് ഒരുപാട് സബ്ജക്ടുകള്‍ പറയുമായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു സാറിന്. ലാലേട്ടനെവെച്ച് വലിയൊരു ക്യാന്‍വാസില്‍ ഭീഷ്മര്‍ എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ഭാഗ്യമില്ല എന്നു പറയാം. ഈയടുത്ത് അദ്ദേഹത്തിന്റെ വാര്‍ഷികത്തിന് ഞാന്‍ ഒറ്റപ്പാലത്ത് പോയിരുന്നു. അവിടെ സാറിനോട് അടുത്ത സാധാരണക്കാരായ കുറേ ആള്‍ക്കാരുണ്ട്. നിവേദ്യത്തിന്റെ ഷൂട്ടും ആലത്തൂര്‍, വടക്കഞ്ചേരി, ഷൊര്‍ണ്ണൂര്‍, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിരുന്നു. നമ്മുടെ നാടിനോട് ചേര്‍ന്നുള്ള ഒരുപാട് കഥാപാത്രങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടുപോകുന്നത് സാറിനെപ്പോലുള്ളൊരു ക്രിയേറ്ററുടെ കുറവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

  • അത്യാവശ്യം കോമഡി, ആക്ഷന്‍, പ്രണയം, കുറച്ച് ഡാന്‍സ് എന്നിവയെല്ലാം അവതരിപ്പിക്കാന്‍ പറ്റുന്നതാണ് ഒരു നായകന് വേണ്ട ഗുണങ്ങള്‍. തുടര്‍ന്നിങ്ങോട്ടുള്ള സിനിമകളില്‍ ഫൈറ്റു ചെയ്യുന്നതിന്റെയും കൊറിയോഗ്രഫി നന്നായിട്ട് ഉപയോഗപ്പെടുത്തുന്നതിന്റെയും സാധ്യതകള്‍ കാര്യമായിട്ട് വിനുവിന് ഉപയോഗപ്പെടുത്താന്‍ പറ്റിയിട്ടുണ്ടോ..?

സിനിമയില്‍ എക്‌സ്പീരിയന്‍സ് വലിയൊരു ഘടകമാണ്. 12 വര്‍ഷത്തെ കരിയര്‍വെച്ച് നോക്കുമ്പോള്‍ ഒരുപാട് എക്‌സ്പീരിയന്‍സിന്റെ പ്രശ്‌നങ്ങള്‍ ഫീല്‍ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് 2010ന് ശേഷമാണ് മലയാള സിനിമയില്‍ ഒരു മാറ്റം ഉണ്ടായത്. അത് വരെ സിനിമയുടെ പാറ്റേണിംഗ് വേറെ രീതിയായിരുന്നു. ആ സമയത്ത് ചില സിനിമകളുടെ സബ്ജക്ട് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര ഇംപ്രസീവായിട്ട് തോന്നും. ആ സബ്ജക്ട് ക്രിയേറ്റീവായിട്ട് വരുമ്പോള്‍ നമ്മളുദ്ദേശിച്ച രീതിയില്‍ അത് എത്തില്ല. അങ്ങനെയുള്ള കുറേ പ്രശ്‌നങ്ങള്‍ ഞാന്‍ സെലക്ട് ചെയ്ത സിനിമകളില്‍ വന്നിട്ടുണ്ട്. അത്‌കൊണ്ടാണ് പലപ്പോഴും ഒരു ബ്രെയ്ക്ക് എടുക്കണമെന്ന് മനസ്സില്‍ ചിന്തയുണ്ടായത്. പിന്നെ അച്ഛന്‍ മരിച്ച സമയത്തും ഒരു ബ്രെയ്ക്ക് വന്നു. എനിക്ക് സിനിമകളില്‍ ഫീല്‍ ചെയ്‌തൊരു കാര്യമുണ്ട്. ചില സിനിമകളുടെ സബ്ജക്ട് നമ്മള്‍ വേണ്ട എന്നു വെക്കുമ്പോള്‍ ചിലപ്പോള്‍ അത് റിലീസായി കഴിയുമ്പോള്‍ അയ്യോ അത് മിസ്സായിപോയല്ലൊ എന്ന് തോന്നും. നല്ല സിനിമകള്‍ നല്ല ടൈമില്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല രീതിയില്‍ അത് പുറത്തുവരാം. എന്റെ ബേസിക്ക് പ്രശ്‌നം ഞാന്‍ നല്ല ഭക്ഷണപ്രിയനാണ്. ബോഡി കണ്‍ട്രോള്‍ വളരെ കുറവുള്ളൊരാളാണ്. ഇനി അത് ചെയ്ത് തുടങ്ങണം. കാരണം നമ്മളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ നമ്മളോട് ‘തടി കുറയ്ക്കണം’ എന്നു പറയുമ്പോള്‍ അത് നമ്മള്‍ കേട്ടില്ലെന്നു വിചാരിക്കാന്‍ പാടില്ല. അത്‌കൊണ്ടാണ് ഞാന്‍ രണ്ടും കല്‍പ്പിച്ച് നന്നായിട്ട് കുറയ്ക്കണം എന്ന് തീരുമാനിച്ചത്. കുറേ സിനിമകളിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാനിപ്പോള്‍ ചെയ്യുന്നില്ല, പിന്നെ ചെയ്യാം എന്നു പറഞ്ഞ് മാറ്റിവെച്ചതിന്റെ പ്രധാനകാരണം എന്റെ തടിയാണെന്ന് എനിക്ക് തന്നെയറിയാം. കാരണം എനിക്ക് ആ തടിവെച്ചിട്ട് ആ പറയുന്ന കഥാപാത്രം നൂറ് ശതമാനം പെര്‍ഫെക്ടാകാതെ ചെയ്യാന്‍ പറ്റില്ല എന്നൊരു വിശ്വാസമുണ്ട്. കാരണം കലയെ ഇഷ്ടപ്പെടുന്ന ഒരാളെന്ന സ്ഥിതിക്ക് വെറുതേ പോയി സിനിമ ചെയ്ത് കൊളമാക്കുന്നതിനേക്കാള്‍ നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലെ എന്നൊരു ചിന്തയായിരുന്നു ആ സമയത്ത്. അങ്ങനെയൊക്കെ ഗ്യാപ്പ് വന്നു.

  • ഒരിടവേളയ്ക്ക് ശേഷമാണ് നീനയിലേക്കെത്തുന്നത്. എങ്ങനെയായിരുന്നു..?

ഞാന്‍ തടിയൊക്കെ കുറയ്ക്കണമെന്ന ഒരു ഫീലിലിരുന്ന സമയത്താണ്.. ലാലുവേട്ടന്‍ (ലാല്‍ജോസ്) എന്നോട് ചോദിച്ചു വിനു ഇനി സിനിമ ചെയ്യുന്നില്ലേയെന്ന്. ഞാന്‍ പറഞ്ഞു സിനിമ ചെയ്യണമെന്നുണ്ട്, പക്ഷെ ഇത്രയും സമയമെടുത്തില്ലേ.. ഇനി എന്തായാലും നല്ലൊരു പ്രൊജക്ട് ചെയ്യാനാണ് ആഗ്രഹം എന്ന്. അപ്പോഴാണ് അദ്ദേഹം നീനയിലെ ഗസ്റ്റ് റോളിനെക്കുറിച്ച് പറയുന്നത്. അപ്പിയറന്‍സിലായാലും മൊത്തത്തില്‍ വ്യത്യസ്ഥമായൊരു ഫിഗറായിരുന്നു നീനയില്‍. വളരെയധികം സംതൃപ്തി തോന്നിയൊരു ക്യാരക്ടറായിരുന്നു എനിക്കത്.

  • മലയാള സിനിമയ്ക്ക് സംഭാവനകള്‍ നല്‍കിയ ഒരു കലാ കുടുംബത്തിലെ അംഗമാണ് വിനു. കുട്ടിക്കാലം മുതല്‍ ഇപ്പോള്‍ വരെ സിനിമയില്‍ കണ്ടു ശീലിച്ച അനുഭവങ്ങള്‍..

സിനിമയും നാടകവും ഒരുപോലെ കണ്ടുവളര്‍ന്നിട്ടുള്ള ആളാണ് ഞാന്‍. കാരണം അച്ഛന് ട്രൂപ്പുണ്ടായിരുന്നു. ഒരു സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് അതിന്റെ ഫീഡ്ബാക്ക് ലഭിക്കുന്നത്, ഡയറക്ട് റെസ്‌പോണ്‍സാണ് നാടകത്തിന്റെ ഏറ്റവും വലിയ പ്ലസ്സായിട്ട് എനിക്ക് തോന്നിയത്. നാടകത്തിനെ വളരെയധികം ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. ഇപ്പോഴും കാണാറുണ്ട്. സിനിമ പോലെയാണ് എന്റെ കുട്ടിക്കാലത്ത് നാടകത്തില്‍ നിന്നും എനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നത്. അച്ഛന്റെ ട്രൂപ്പിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് മിക്കവാറും നാട്ടില്‍ തന്നെയാണ് ഉണ്ടാവുക. സ്‌ക്കൂള്‍ വിട്ട് കഴിഞ്ഞാല്‍ നേരെ അവിടേയ്ക്ക് പോവും. അന്ന് അമ്മ അഭിനയിച്ച സിനിമ-സീരിയല്‍ ലൊക്കേഷനിലും പോകാറുണ്ടായിരുന്നു. രണ്ട് മൂന്ന് സീരിയല്‍ ഞാന്‍ കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ട്. 94ല്‍ ഒരു ചില്‍ഡ്രന്‍സ് ഫിലിം ചെയ്തു. ഉത്സവ സമയങ്ങളിലെല്ലാം മിക്കവാറും ട്രൂപ്പുകളുടെ കൂടെയെല്ലാം ഞാന്‍ പോകാറുണ്ടായിരുന്നു. അന്ന് അച്ഛച്ഛനെല്ലാം പറയുമായിരുന്നു ഒന്നും പഠിക്കാതെ ഇവനിങ്ങനെ കറങ്ങി നടക്കുകയാണെന്ന്. ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്ത എനിക്കിപ്പോഴും ആ ഒരു ട്രാവല്‍ ക്രേസ് ഉണ്ട്.

  • സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ലെഫ്റ്റ് ഹാന്‍ഡ് ബോളര്‍ ആയിരുന്നു. ക്രിക്കറ്റ് കളിയെക്കുറിച്ച്..?

വളരെ കുട്ടിക്കാലം മുതല്‍ക്കേ ക്രിക്കറ്റ് കളിക്കുമായിരുന്നു. സി 3 (സെലിബ്രിറ്റി ക്രിക്കറ്റ്) എന്ന പേരില്‍ ക്ലബ്ബ് ഉണ്ടായിരുന്നു. പൃഥ്വി, ഇന്ദ്രേട്ടന്‍, വിജയ് യേശുദാസ്, നിഖില്‍ ഇങ്ങനെ എറണാകുളത്തുള്ള സുഹൃത്തുക്കള്‍ ഇടയ്ക്കിടെ ഒരുമിച്ച് കൂടി ക്രിക്കറ്റ് കളിക്കാറുണ്ട്. അങ്ങനെയാണ് സിസിഎല്ലിലേയ്ക്ക് ആ ഗ്രൂപ്പ് പോകുന്നത്. വളരെ വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു അത്. ടെന്‍ഡുല്‍ക്കറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത്‌കൊണ്ട് തന്നെ സച്ചിന്‍ കളിച്ച ഗ്രൗണ്ടുകളില്‍ നിന്ന് കളിക്കാനുള്ള ഒരു ഭാഗ്യം ഉണ്ടായി. എല്ലാ സ്‌റ്റേറ്റിലെ ആക്ടേര്‍സുമുണ്ടായിരുന്നതിനാല്‍ ഒരുപാട് സൗഹൃദങ്ങള്‍ സിസിഎല്‍ മുഖേന ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ സന്തോഷം തോന്നിയത് ഭോജ്പൂരിയിലുള്ള ആള്‍ക്കാര്‍ ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട് എന്നറിഞ്ഞപ്പോഴാണ്. ഏറ്റവും കൂടുതല്‍ ഡബ്ബ് ചെയ്ത് ഭോജ്പൂരിയിലെത്താറുള്ളത് മലയാളം സിനിമകളാണ്. അപ്പോള്‍ മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളാണെന്നു പറയുമ്പോള്‍ വളരെ സന്തോഷമുണ്ടായിരുന്നു.