മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ തായ്‌ലന്റില്‍, 100 ദിവസങ്ങള്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തായ്‌ലന്റിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമിതാഭ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍ തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഗാനരചന നിര്‍വഹിക്കുന്നത് വൈരമുത്തു.

കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എ.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.