‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’, പാര്‍വതിയുടെ ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

പാര്‍വതി തിരുവോത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രത്തിന് മികച്ച സിനിമക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം. ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലിലാണ് വസന്ത് എസ്. സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മേളയുടെ ഡയറക്ടര്‍ ഹരികി യസുഹിറോ, ചലച്ചിത്രമേള കമ്മിറ്റി ചെയര്‍മാന്‍ കുബോടാ ഇസാവോ എന്നിവരില്‍ നിന്നും സംവിധായകന്‍ വസന്ത് പുരസ്‌കാരം ഏറ്റുവാങ്ങി.

പാര്‍വതിയ്‌ക്കൊപ്പം കാളീശ്വരി ശ്രീനിവാസ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. സരസ്വതി, ദേവകി, ശിവരഞ്ജിനി എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലെ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. വസന്ത് തന്നെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന സിനിമയുടെ കഥ അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടേതാണ്. ചിത്രത്തിന്റെ നിര്‍മ്മാണവും വസന്താണ്. എന്‍.കെ ഏകാംബരം, രവി റോയ് എന്നിവരാണ് ഛായാഗ്രഹണം.

കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഐ.എഫ്.എഫ്.കെയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ഈ സിനിമ നേടിയിരുന്നു.