രണ്‍വീര്‍ സിംഗിന്റെ ’83’യില്‍ തമിഴ് നടന്‍ ജീവയും

1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രം ’83’ലെ താര നിരയിലേക്ക് തമിഴ് സിനിമാ താരം ജീവയുമെത്തുന്നു. കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്.

ചിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കപില്‍ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗാണ് ജീവയുടെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഉത്സാഹിയായ ദക്ഷിണേന്ത്യന്‍ സ്‌ട്രോക്‌പ്ലെ സെന്‍സേഷന്‍ എന്നൊരു കുറിപ്പും അദ്ദേഹം ഇതിനൊപ്പം ഇട്ടിട്ടുണ്ട്.

കപിലിന്റെ ചെകുത്താന്മാര്‍ എന്നറിയപ്പെട്ട അന്നത്തെ ഇന്ത്യന്‍ ടീമിലെ മറ്റൊരംഗമായിരുന്ന സുനില്‍ ഗാവസ്‌കറെ അവതരിപ്പിക്കുന്ന പോസ്റ്റര്‍ രണ്‍വീര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അതിനുപിന്നാലെയാണ് മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്ന ശ്രീകാന്തായി ജീവയെത്തുന്ന പുതിയ പോസ്റ്റര്‍ എത്തിയത്.