ദൃശ്യത്തിലെ ആ ‘കട്ട വില്ലന്‍’ ഇനി ഷൈലോക്കിന് നേര്‍ക്ക്..!

അജയ് വാസുദേവ് സംവിധാനത്തില്‍ മമ്മൂട്ടി വ്യത്യസ്ഥ ഗെറ്റപ്പുമായെത്തുന്ന ഷൈലോക്കില്‍ വില്ലനായെത്തുന്നത് ദൃശ്യത്തില്‍ പ്രേക്ഷകരെ ആകാംക്ഷയിലാക്കിയ വില്ലന്‍. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി അജയ് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് കലാഭവന്‍ ഷാജോണാണ്. ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണും ചിത്രത്തിലൂടെ ആദ്യമായി മലയാളം വെള്ളിത്തിരയിലെത്തുന്നുണ്ട്.

#KalabhavanShajon As #PrathapaVarama !!!

#KalabhavanShajon As #PrathapaVarama !!!#ShylockLoading

Posted by Shylock on Saturday, January 11, 2020

ഷൈലോക്കിലെ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നു ഷാജോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘ഷൈലോക്കില്‍ കട്ട നെഗറ്റീവ് റോളാണ് എനിക്കുള്ളത്. വളരെ സ്‌ട്രോങ്ങായ ക്യാരക്ടറാണത്. എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. ‘ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.’ എന്നായിരുന്നു ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. മീനയാണ് നായിക. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.