മലര്‍ മിസ്സിന് ഓര്‍മ്മ തിരിച്ചു കിട്ടിയോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം വളരെ ഹിറ്റായ ഒരു ചിത്രമായിരുന്നു.പ്രണയം തന്നെയായിരുന്നു സിനിമയുടെ പ്രമേയം.സിനിമ അവസാനിച്ചും അവശേഷിച്ചിരിക്കുന്ന ഒരു സംശയത്തിന് റിലീസിന് ആറ് വര്‍ഷം കഴിഞ്ഞ് ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

നിവിന്റെ കഥാപാത്രമായ ജോര്‍ജ്, സായ് പല്ലവിയുടെ കഥാപാത്രമായ മലരുമായി പ്രണയത്തിലായിരുന്നു. ജോര്‍ജിനെ ഏറെ തിരിച്ചും ഇഷ്ടപ്പെടുന്ന മലര്‍ മറ്റൊരാളുമായിട്ട് വിവാഹതയാകുന്നതായും സിനിമയില്‍ കാണിക്കുന്നുണ്ട്. വിവാഹിതയാകുന്ന വേളയില്‍ മലര്‍ ഏറെ സന്തോഷവതിയായും കാണപ്പെടുന്നു. ഒരു അപകടത്തില്‍ പെട്ട് മലരിന് ഓര്‍മ നഷ്ടപ്പെട്ടതായിട്ടാണ് സിനിമയില്‍ പറയുന്നത്. ജോര്‍ജ് മലരിന്റെ വിവാഹത്തിന് എത്തുന്നുമുണ്ട്. മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ക്യാമ്പസ് പ്രണയവും വിരഹവും മനോഹരമായി വരച്ചിട്ട ചിത്രം കുടുംബപ്രേക്ഷകരും യുവതലമുറയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയായിരുന്നു പ്രേമം സിനിമ അവസാനിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒരു സംശയം ആയിരുന്നു മലരിന് ഓര്‍മ തിരിച്ചു കിട്ടിയോ എന്നത്.സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘സിനിമയെക്കുറിച്ച് എന്നോട് ചോദിക്കുക. എനിക്ക് അറിയാമെങ്കില്‍ ഞാന്‍ അതിന് ഉത്തരം നല്‍കാം. എനിക്കറിയില്ലെങ്കില്‍ മറുപടി നല്‍കാനുള്ള ഒരു മാര്‍ഗം കണ്ടെത്താം. ആരംഭിക്കാം’ ഇതായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പ്.

മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നോവെന്ന് സ്റ്റീവന്‍ മാത്യു എന്നയാളാണ് ചോദിച്ചത്. പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. അവര്‍ക്ക് ശരിക്കും ഓര്‍മ നഷ്ടപ്പെട്ടോ? അതോ മനഃപൂര്‍വം അവനെ ഒഴിവാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടോ അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച അവള്‍ ജോര്‍ജ് വിവാഹിതനാകുന്നതിനാല്‍ ജോര്‍ജിനോട് അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാന്‍ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ് എന്നായിരുന്നു സ്റ്റീവന്‍ പറഞ്ഞത്.

അവളുടെ ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോള്‍ സെലിനുമൊത്ത് ജോര്‍ജ് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നിയിരിക്കും. കൈ കൊണ്ട് ‘സൂപ്പര്‍’ എന്ന് പറഞ്ഞതില്‍ നിന്നും മലരിന് ഓര്‍മ തിരിച്ചു കിട്ടിയെന്ന് ജോര്‍ജിനും മനസിലായി. എന്നാല്‍ ഇത് സംഭാഷണങ്ങളില്‍ പറയുന്നില്ല. എന്നാല്‍, ഇത് ആക്ഷന്‍സിലൂടെയും വയലിനു പകരം ഹാര്‍മോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓര്‍മ തിരികെ ലഭിച്ചുവെന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.