“ഹോളിവുഡിന്റെ നിത്യ യവ്വനം”; ജന്മശതാബ്ധിയിൽ ലോകം കീഴടക്കിയ വിശ്വ സുന്ദരി

','

' ); } ?>

വെള്ളിത്തിരയിൽ വശ്യമായൊരു മന്ദഹാസംകൊണ്ട് ലോകത്തെയാകെ നിശ്ചലമാക്കിയ നിത്യവിസ്മയമാണ് മെർലിൻ മൺറോ. കാറ്റിൽ പാറിപ്പറക്കുന്ന ആ വെളുത്ത ഗൗൺ ഒതുക്കിപ്പിടിച്ച്, കണ്ണുകൾ പകുതിയടച്ച് അവർ ചിരിച്ചപ്പോൾ അത് കേവലമൊരു ഹോളിവുഡ് നടിയുടെ ചിത്രമായിരുന്നില്ല, മറിച്ച് വരുംതലമുറകൾക്ക് മുഴുവൻ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി മാറാനിരുന്ന ഒരു യുഗത്തിന്റെ തുടക്കമായിരുന്നു. മുറിവേറ്റ ഹൃദയം കൊണ്ട്, സദാ പ്രണയത്തിനായി ദാഹിച്ചിട്ടും മരണക്കിടക്കയിൽ പോലും ശരീരം കൊത്തിപ്പറിച്ച ലോകം വാഴ്ത്തിയ വിശ്വസുന്ദരി, തന്റെ നൂറാം ജന്മദിനത്തിലും അവളുടെ വിയോഗം വലിയൊരു നഷ്ടമായി, നിഗൂഢമായൊരു രഹസ്യമായി അവളിന്നും നിലനിൽക്കുന്നു. ഏറ്റവും മനോഹരമായി

കൃത്യമായി ഒരു നൂറ്റാണ്ട് മുൻപ്, അതായത് 1926 ജൂൺ ഒന്നിന്, കാലിഫോർണിയയിലെ ലോസ്‌ആഞ്ജലിസ് നഗരത്തിൽ നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജനിച്ച ആ പെൺകുട്ടി പിൽക്കാലത്ത് മെർലിൻ മൺറോ എന്ന പേരിൽ ലോകഹൃദയങ്ങൾ കീഴടക്കുമെന്ന് ആരും കരുതിയിരിക്കില്ല. ഇന്ന്, 2026 ജൂൺ ഒന്നിന്, മെർലിൻ മൺറോയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, ലോകം ഓർക്കുന്നത് വെറുമൊരു ചലച്ചിത്ര താരത്തെയല്ല, മറിച്ച് മരണമില്ലാത്ത ഒരു സാംസ്കാരിക ബിംബത്തെയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അവരുടെ സൗന്ദര്യവും അവർ അവശേഷിപ്പിച്ചുപോയ രഹസ്യങ്ങളും ഇന്നും അതേപടി ജ്വലിച്ചുനിൽക്കുന്നു എന്നത് തന്നെയാണ് മെർലിൻ എന്ന പ്രതിഭാസത്തിന്റെ മാറ്റ് കൂട്ടുന്നത്.

ബാഹ്യസൗന്ദര്യത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും മെർലിന്റെ യഥാർത്ഥ ജീവിതം കഠിനമായ ഏകാന്തതയുടെയും അവഗണനകളുടെയും ഒരു വലിയ പുസ്തകമായിരുന്നു. അമ്മ ഗ്ലാഡിസ് ബേക്കർ ഹോളിവുഡ് സ്റ്റുഡിയോകളിൽ ഫിലിം കട്ടറായി ജോലി ചെയ്തിരുന്നെങ്കിലും കഠിനമായ മാനസികരോഗങ്ങൾ അവരെ അലട്ടിയിരുന്നു. അമ്മ മാനസികരോഗാശുപത്രിയിലായതോടെ കൊച്ചു നോർമയുടെ കുട്ടിക്കാലം അനാഥാലയങ്ങളിലും വളർത്തുമൃഗങ്ങളെപ്പോലെ പരിഗണിക്കപ്പെട്ട താല്കാലിക പുനരധിവാസ കേന്ദ്രങ്ങളിലുമായിരുന്നു. സ്നേഹവും സുരക്ഷിതത്വവും എന്തെന്നറിയാതെ വളർന്ന ആ പെൺകുട്ടിക്ക് ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം വിവാഹമായിരുന്നു. അങ്ങനെയാണ് 1942-ൽ, കേവലം പതിനാറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജെയിംസ് ഡഗേർട്ടിയെന്ന നാവികനെ നോർമ വിവാഹം കഴിക്കുന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ ജെയിംസ് പോയതോടെ നോർമ ബർബാങ്കിലെ ഒരൊറ്റപ്പെട്ട റേഡിയോ പ്ലെയിൻ ഫാക്ടറിയിൽ തൊഴിലാളിയായി ജോലിക്ക് ചേർന്നു. വിധിയുടെ നിയോഗമെന്നോണം, യുദ്ധകാലത്തെ സ്ത്രീ തൊഴിലാളികളുടെ ചിത്രം പകർത്താനെത്തിയ ഡേവിഡ് കോണോവർ എന്ന സൈനിക ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകൾ നോർമയുടെ അസാധാരണമായ സൗന്ദര്യത്തിൽ ഉടക്കി. ആ ഒരു നിമിഷമാണ് നോർമ ജീൻ എന്ന സാധാരണ പെൺകുട്ടിയെ ഗ്ലാമർ ലോകത്തിന്റെ പടവുകളിലേക്ക് നയിച്ചത്.

മോഡലിംഗ് രംഗത്ത് സജീവമായതോടെ നോർമ തന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തുകയും 1946 ഓഗസ്റ്റ് 26-ന് പ്രശസ്ത ചലച്ചിത്ര നിർമാണക്കമ്പനിയായ ട്വൻ്റീത് സെഞ്ചുറി ഫോക്സുമായി കരാറിലേർപ്പെടുകയും ചെയ്തു. അവിടെവെച്ചാണ് അവർ നോർമ ജീൻ ബേക്കർ എന്ന പേര് മാറ്റി ‘മെർലിൻ മൺറോ’ എന്ന അനശ്വരമായ നാമം സ്വീകരിക്കുന്നത്. തുടക്കകാലത്ത് ‘ദി അസ്ഫാൾട്ട് ജംഗിൾ’, ‘ഓൾ എബൗട്ട് ഈവ്’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും, ആ സ്ക്രീൻ പ്രെസൻസ് പ്രേക്ഷകരെ ആകർഷിക്കാൻ പോന്നതായിരുന്നു. പിന്നീട് 1953-ൽ പുറത്തിറങ്ങിയ ‘നയാഗ്ര’ എന്ന ത്രില്ലർ ചിത്രത്തിലൂടെ മെർലിൻ ഹോളിവുഡിന്റെ മുൻനിര നായികയായി സ്വയം പ്രതിഷ്ഠിച്ചു. കൺപീലികളുടെ ചലനം കൊണ്ടും ചുണ്ടുകളുടെ വശ്യതകൊണ്ടും അവർ സ്ക്രീനിൽ ഒരു മാന്ത്രികത തീർത്തു. തുടർന്നുവന്ന ‘ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ട്സ്’, ‘ഹൗ ടു മാരി എ മില്യണയർ’ തുടങ്ങിയ ചിത്രങ്ങൾ അവരെ ഹോളിവുഡിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി മാറ്റി. ടെലിവിഷൻ സെറ്റുകൾക്ക് ഇന്നത്തെപ്പോലെ പ്രചാരമില്ലാതിരുന്ന, വാർത്താമാധ്യമങ്ങൾ പരിമിതമായിരുന്ന ആ കാലഘട്ടത്തിലാണ് മെർലിൻ മൺറോ എന്ന പേര് ഒരു കൊടുങ്കാറ്റുപോലെ ആഗോളതലത്തിൽ പടർന്നുപിടിച്ചത്.

എന്നാൽ വെറുമൊരു ഗ്ലാമർ പാവയായി ഒതുങ്ങാൻ മെർലിൻ ആഗ്രഹിച്ചിരുന്നില്ല. തന്റെ അഭിനയശേഷിയെ ഗൗരവമായി കാണാത്ത സ്റ്റുഡിയോ മേധാവികളോട് അവർ നിരന്തരം കലഹിച്ചു. അതിന്റെ ഫലമായാണ് 1955-ൽ ‘മെർലിൻ മൺറോ പ്രൊഡക്ഷൻസ്’ എന്ന പേരിൽ അവർ സ്വന്തമായി ഒരു സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. ഒരു സ്ത്രീക്ക് സ്വന്തമായി ഒരു സ്റ്റുഡിയോ നിയന്ത്രിക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചത് പുരുഷാധിപത്യം നിറഞ്ഞ അന്നത്തെ ഹോളിവുഡിൽ വലിയൊരു വിപ്ലവമായിരുന്നു. അതേവർഷം പുറത്തിറങ്ങിയ ബില്ലി വൈൽഡറുടെ ‘ദി സെവൻ ഇയർ ഇച്ച്’ എന്ന ചിത്രത്തിലെ അഭിനയം മെർലിനെ ലോകത്തിലെ ഏറ്റവും വലിയ വിവാദ നായികയാക്കി മാറ്റി. സബ്‌വേ ഗ്രേറ്റിന് മുകളിൽ നിൽക്കുമ്പോൾ താഴെനിന്നുള്ള കാറ്റിൽ അവരുടെ വെളുത്ത ഗൗൺ ഉയർന്നുപൊങ്ങുന്ന രംഗം ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദൃശ്യമായി മാറി. കേവലമൊരു വാണിജ്യ നടി എന്നതിനപ്പുറം തനിക്ക് മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് 1959-ൽ പുറത്തിറങ്ങിയ ‘സം ലൈക്ക് ഇറ്റ് ഹോട്ട്’ എന്ന ചിത്രത്തിലൂടെ അവർ തെളിയിച്ചു. ഈ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം മെർലിനെ തേടിയെത്തി.

മെർലിന്റെ വ്യക്തിജീവിതം വലിയൊരു ദുരന്തനാടകമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ലോകം മുഴുവൻ അവരുടെ സൗന്ദര്യത്തെ ആരാധിച്ചപ്പോഴും, ആത്മാർത്ഥമായ ഒരു സ്നേഹത്തിനായി അവർ എന്നും കൊതിച്ചിരുന്നു. പ്രശസ്ത ബേസ്ബോൾ താരം ജോ ഡിമാഗിയോയുമായുള്ള രണ്ടാമത്തെ വിവാഹവും, വിഖ്യാത നാടകകൃത്ത് ആർതർ മില്ലറുമായുള്ള മൂന്നാമത്തെ വിവാഹവും പരാജയത്തിലാണ് കലാശിച്ചത്. സ്നേഹിച്ച പുരുഷന്മാരെല്ലാം അവരുടെ പ്രശസ്തിയെയും ബാഹ്യസൗന്ദര്യത്തെയുമാണ് പ്രണയിച്ചതെന്ന് മെർലിൻ തിരിച്ചറിഞ്ഞു. ഇതിനിടയിൽ ഉണ്ടായ ഗർഭഛിദ്രങ്ങളും കുട്ടികളുണ്ടാകാത്തതിലുള്ള മാനസിക വിഷമങ്ങളും അവരെ കടുത്ത വിഷാദ രോഗിയാക്കി മാറ്റി. ഉറക്കഗുളികകളെയും മദ്യത്തെയും അമിതമായി ആശ്രയിക്കാൻ തുടങ്ങിയത് അവരുടെ സിനിമാ ജീവിതത്തെയും ബാധിച്ചു. 1961-ൽ പുറത്തിറങ്ങിയ ‘ദി മിസ്ഫിറ്റ്സ്’ എന്ന ചിത്രമാണ് മെർലിൻ പൂർത്തിയാക്കിയ അവസാന ചലച്ചിത്രം. കൗതുകകരമെന്നു പറയട്ടെ, ആ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അവരുടെ മുൻഭർത്താവ് ആർതർ മില്ലർ ആയിരുന്നു.

ഒടുവിൽ 1962 ഓഗസ്റ്റ് നാലിന്റെ രാത്രിയിൽ, മുപ്പത്തിയാറാമത്തെ വയസ്സിൽ, ലോസ് ആഞ്ചലസിലെ സ്വന്തം കിടപ്പുമുറിയിൽ മെർലിൻ മൺറോയെ മരിച്ച നിലയിൽ കണ്ടെത്തി. അമിതമായി ഉറക്കഗുളിക ഉള്ളിൽച്ചെന്നതായിരുന്നു മരണകാരണം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അതൊരു ആത്മഹത്യയായിരുന്നോ അതോ കൊലപാതകമായിരുന്നോ എന്ന ചോദ്യം ഇന്നും ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി അവശേഷിക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുമായും അദ്ദേഹത്തിന്റെ സഹോദരൻ റോബർട്ട് കെന്നഡിയുമായും മെർലിനുണ്ടായിരുന്നതായി പറയപ്പെടുന്ന ബന്ധങ്ങൾ മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു. ഒരു വസന്തകാലം പോലെ കടന്നുവന്ന് കൊടുങ്കാറ്റായി മാറിയ ആ ജീവിതം അത്രമേൽ പെട്ടെന്നാണ് അവസാനിച്ചത്.

ഇന്ന് മെർലിൻ മൺറോ ജനിച്ചിട്ട് നൂറ് വർഷങ്ങൾ തികയുമ്പോഴും അവർ സൃഷ്ടിച്ച സ്വാധീനം ചെറുതല്ല. പോപ്പ് സംസ്കാരത്തിലും ഫാഷൻ ലോകത്തും സിനിമയിലും ഇന്നും മെർലിൻ ഒരു റഫറൻസ് പോയിന്റാണ്. പോപ്പ് ആർട്ടിസ്റ്റ് ആൻഡി വാർഹോളിന്റെ ചിത്രങ്ങൾ മുതൽ ആധുനിക കാലത്തെ പ്രശസ്ത താരങ്ങളുടെ ഫാഷൻ സ്റ്റേറ്റ്‌മെന്റുകളിൽ വരെ മെർലിൻ പുനർജനിക്കുന്നു. തിളങ്ങുന്ന സ്വർണ്ണമയമായ മുടിയും, ചുണ്ടിലെ ചുവന്ന ലിപ്സ്റ്റിക്കും, കവിളിലെ ആ ചെറിയ മറുകും ഇന്നും ഹോളിവുഡിന്റെ ഏറ്റവും വലിയ അടയാളങ്ങളാണ്. ആവോളം പ്രശസ്തിയും പണവും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും ഉള്ളിൽ കനലൊളിപ്പിച്ചു ജീവിച്ച ആ നിത്യസുന്ദരി, തീയേറ്ററുകളിലെ വലിയ സ്ക്രീനുകളിൽ ഇന്നും മായാതെ നിൽക്കുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ, സ്വന്തം വ്യവസ്ഥകളിൽ ജീവിച്ച്, മരണത്തെപ്പോലും ഒരു വലിയ സമസ്യയാക്കി മാറ്റി കടന്നുപോയ മെർലിൻ മൺറോയ്ക്ക് ഈ നൂറാം ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ പ്രണാമം. അവരെന്നും ഓർമ്മിക്കപ്പെടുക വറ്റാത്ത യൗവനത്തിന്റെ, തീക്ഷ്ണമായ സൗന്ദര്യത്തിന്റെ, മനംമയക്കുന്ന ആ ചിരിയുടെ പ്രതീകമായിത്തന്നെയായിരിക്കും.