അള്ളല്ല രാമേന്ദ്രൻ….

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. വെറും ഇരുപത്തി അയ്യായിരം രൂപയ്ക്ക് ‘പോരാട്ടം’ എന്ന സിനിമ ചിത്രീകരിച്ച ബിലഹരി അള്ള് രാമേന്ദ്രനിലൂടെ തന്നിലെ സംവിധായകനെ അടയാളപ്പെടുത്തിയിരിക്കുകയാണ്. വിജയ ചിത്രങ്ങള്‍ കുറഞ്ഞ കുഞ്ചാക്കോ ബോബന് 2019 ല്‍ നല്ല തുടക്കവും നല്‍കിയിരിക്കുകയാണ് ‘അള്ള് രാമേന്ദ്രന്‍’.

സിനിമയുടെ കഥാപരിസരം തന്നെയാണ് അള്ള് രാമേന്ദ്രനെ പുതുമയുള്ളതാക്കുന്നത്. സജിന്‍ ചെറുകയിലും വിനീത് വാസുദേവനും ഗിരീഷും ചേര്‍ന്ന് ഒരുക്കിയ തിരക്കഥ തന്നെയാണ് അള്ള് രാമേന്ദ്രന്റെ നട്ടെല്ല്. വളരെ നിസ്സാരമായി തോന്നുന്ന അള്ള് കിട്ടുന്ന സംഭവത്തിന്റെ ചുവട് പിടിച്ച് പ്രേക്ഷകനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ സംവിധായകന് കഴിഞ്ഞു. വലിയ ട്വിസ്റ്റുകളൊ ഗിമ്മിക്കുകളൊ വേണമെന്നില്ല കഥാ അവതരണത്തിലെ പുതുമ തന്നെയാണ് സിനിമയുടെ വിജയമന്ത്രമെന്ന് അള്ള് ഓര്‍മ്മിപ്പിക്കുന്നു.

ജീവിതത്തില്‍ കിട്ടുന്ന അള്ളില്‍ ഉഴലുന്ന കുഞ്ചാക്കോ ബോബന്റെ പോലീസ് കഥാപാത്രത്തോളം തന്നെ മികച്ച് നില്‍ക്കുന്ന കഥാപാത്രമാണ് കൃഷ്ണ ശങ്കര്‍ അവതരിപ്പിച്ചത്. സ്വാഭാവികതയോടെ മികച്ച രീതിയില്‍ കഥാപാത്രമാകാന്‍ കൃഷ്ണശങ്കറിനായപ്പോള്‍ അപര്‍ണ ബാലമുരളിയും കൃഷ്ണശങ്കറും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മികച്ചുനിന്നു.

സലീം കുമാര്‍, ശ്രീനാഥ് ഭാസി, ധര്‍മ്മജന്‍, അല്‍ത്താഫ് തുടങ്ങിയവരെല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഐഡന്റിറ്റി തന്നെയാണ് തിരക്കഥയെ പിടിച്ച് നിര്‍ത്തിയത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്റെ സംഗീതവും ചിത്രത്തെ ചടുലമാക്കിയപ്പോള്‍ ജിംഷി ഖാലിദിന്റെ ക്യാമറയും നിരാശപ്പെടുത്തിയില്ല.

കുഞ്ചാക്കോ ബോബനും കൃഷ്ണശങ്കറും മത്സരിച്ചഭിനയിച്ച അള്ള് രാമേന്ദ്രന്‍ തീര്‍ച്ചയായും ആകാക്ഷയും വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ത്തൊരുക്കിയ ഒരു നല്ല ചിത്രമാണ്. ജീവിതത്തില്‍ നമുക്കുണ്ടാവുന്ന ചെറിയ പിടിവാശികളും ദേഷ്യവും നമ്മുടെ ജീവിത സാഹചര്യങ്ങളെ എങ്ങനെയാണ് മാറ്റിമറിക്കുക എന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ചെറിയ ഒരു വിട്ടുവീഴ്ച്ച കാണിക്കേണ്ട സാഹചര്യങ്ങളില്‍ പിടിവാശികാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

error: Content is protected !!