
നടൻ പാർഥിപനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങളിലൂടെ ശ്രദ്ധേയരായി മാറിയിരിക്കുകയാണ് യുവതാരങ്ങളായ സിറാജുദ്ധീൻ നാസറും കാതറിൻ മരിയ ജെയിംസും. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ ജെ.പി, മീര എന്നീ മോഷ്ടാക്കളുടെ കഥാപാത്രങ്ങൾ സിനിമാലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങളും സംഘട്ടന രംഗങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും ഇരുവരും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കണ്ണൂർ സ്ക്വാഡ്, ദാവീദ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലഭിച്ച മീര എന്ന കഥാപാത്രത്തെ ഏറെ ആവേശത്തോടെയാണ് കാതറിൻ ഏറ്റെടുത്തത്. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സും ഡാൻസും അഭ്യസിച്ചിട്ടുള്ളതിനാൽ ആക്ഷൻ രംഗങ്ങൾ കൂടുതൽ അനായാസമാക്കാൻ കഴിഞ്ഞതായി താരം പറയുന്നു. പാർഥിപനൊപ്പമുള്ള ഫൈറ്റ് സീക്വൻസുകൾ വലിയൊരു അനുഭവമായിരുന്നുവെന്നും ഫ്ലോറിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയിരുന്നുവെന്നും കാതറിൻ വ്യക്തമാക്കുന്നു.
മൂന്നാം ക്ലാസ് മുതൽ സ്റ്റേജ് നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ സിറാജുദ്ധീൻ, ബിജു മേനോൻ ചിത്രമായ ‘ഭരതൻ ഇഫക്ട്’ മുതൽ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലുണ്ടായിരുന്നു. സംവിധായകൻ നഹാസ് ഹിദായത്തുമായുള്ള സൗഹൃദവും ‘ആർ.ഡി.എക്സ്’ സിനിമയിലെ അനുഭവവുമാണ് ഷഹദ് നിലമ്പൂർ ചിത്രത്തിലേക്ക് വഴിയൊരുക്കിയത്. മുൻപ് ‘കളി’ എന്ന ചിത്രത്തിനുവേണ്ടി അഭ്യസിച്ച കളരിപ്പയറ്റ് ഈ സിനിമയിലെ ഫൈറ്റ് രംഗങ്ങളിൽ വലിയ തോതിൽ തുണച്ചതായി സിറാജുദ്ധീൻ പറയുന്നു. ഷൂട്ടിങ്ങിനിടയിൽ ആദ്യ ദിവസം തന്നെ സിദ്ധാർത്ഥ് ഭരതനുമായുള്ള ഫൈറ്റിൽ നെറ്റി പൊട്ടി ചോര വന്നുവെങ്കിലും ആക്ഷൻ രംഗങ്ങളിലെ എനർജി ഒട്ടും ചോരാതെയാണ് അദ്ദേഹം അഭിനയം പൂർത്തിയാക്കിയത്.
സെറ്റിൽ വെച്ചുമാത്രം പരിചയപ്പെട്ട കാതറിനും സിറാജുദ്ധീനും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങൾ വിജയിപ്പിച്ചത്. സിനിമ റിലീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും സിനിമാപ്രവർത്തകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പരിശീലന വീഡിയോകൾക്ക് ലഭിച്ച പിന്തുണയ്ക്ക് പിന്നാലെ തിയേറ്ററുകളിലും മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവതാരങ്ങൾ.