
“സിസ്റ്ററല്ല…ഇതെന്റെ അമ്മയാ…” സിസ്റ്റർ മേരി ലിൻഡയെ ‘സിസ്റ്റർ‘ എന്ന് അഭിസംബോധന ചെയ്തപ്പോൾ കുഞ്ഞു കെവിൻ അത് തിരുത്തി പറഞ്ഞു. “സിസ്റ്ററെന്ന് വിളിക്കാൻ അവൻ സമ്മതിക്കത്തില്ല. അമ്മയെന്നേ വിളിക്കാൻ സമ്മതിക്കുകയോള്ളൂ“…അതീവ വാത്സല്യത്തോടെ ‘സിസ്റ്റർ‘ ലിൻഡയും മറുപടി പറഞ്ഞു.സെല്ലുലോയ്ഡ് എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആലപ്പുഴയിൽ വെച്ച് നടന്ന പരിപാടിക്കിടെ നടൻ കുഞ്ചാക്കോ ബോബനെ വാരി പുണർന്ന്, ഇത് ഞങ്ങളുടെ അണ്ണനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കെവിനെ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. കുഞ്ഞു കെവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന കുഞ്ചാക്കോബോബന്റെ വീഡിയോയും വൈറലായിരുന്നു. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വച്ച്, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി സ്റ്റേജിൽ മുട്ടുകുത്തി നിന്ന് കെവിനെ കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നാ വീഡിയോയും ആളുകൾ ഏറ്റെടുത്തിരുന്നു.
ഇത്തരത്തിലൊരു സ്ഥാപനം ആലപ്പുഴയിൽ ഉണ്ടെന്ന് ആലുപ്പുഴക്കാർ പോലും അറിയുന്നത് കെവിൻ വൈറലായതിനു ശേഷമാണെന്നാണ് സിസ്റ്റർ ലിൻഡ പറയുന്നത്. വീഡിയോ വൈറലായതിനു ശേഷം നിരവധി ആളുകൾ വിളിക്കുകയും, ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും സിസ്റ്റർ ലിൻഡ കൂട്ടിച്ചേർത്തു.
” മദർ തെരേസ എനിക്ക് നെറ്റിയിൽ നൽകിയൊരു ചുംബനമുണ്ട്. അതാണെന്റെ ദൈവ വിളി. ഞാനെന്റെ വീട്ടിലെ ആദ്യത്തെ കുട്ടിയായിരുന്നു. അത് കൊണ്ട് തന്നെ ഈ ഒരു തീരുമാനം വീട്ടിൽ ആദ്യം സ്വീകാര്യമായിരുന്നില്ല. ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ വീടൊരു മരണവീട് പോലെയായിരുന്നു. തിരിഞ്ഞു നോക്കാതെയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ഞാനെന്റെ നല്ല കാലവും ആരോഗ്യവും എല്ലാം ഈ മക്കൾക്കാണ് നൽകിയിരിക്കുന്നത്. അതെന്റെ സന്തോഷമാണ്. കെവിൻ മോനെ അവന്റെ അമ്മയാണ് എന്നെ ഏൽപ്പിക്കുന്നത്.” സിസ്റ്റർ ലിൻഡ പറഞ്ഞു.
“112 ഓളം കുട്ടികൾ നമ്മുടെ സ്കൂളിലുണ്ട്. 55 പേരാണ് ഇവിടെ താമസിച്ച് പഠിക്കുന്നത് എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. അത് കൊണ്ട് തന്നെ അമ്മയാവാൻ പ്രസവിക്കണമെന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ ഇവരുടെ ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് ഇവരുടെ ഉള്ളിൽ കള്ളമില്ല എന്നാണ്. ഇവരുടെ സ്നേഹം എന്നൊക്കെ പറഞ്ഞാൽ അത് എക്സ്ട്രീം ആയിരിക്കും, അത് പോലെ തന്നെ ദേഷ്യവും. പക്ഷെ അത് നിയന്ത്രിക്കാൻ നമ്മൾ പഠിപ്പിച്ച് കൊടുക്കാറുണ്ട്. അവരത് അതുപോലെ ഉൾക്കൊള്ളാറുമുണ്ട്.” സിസ്റ്റർ ലിൻഡ കൂട്ടിച്ചേർത്തു.