
ബോളിവുഡ്, തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവ നടി അനന്യ രാജ് അന്തരിച്ചു. 27 വയസ്സായിരുന്നു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യമെങ്കിലും, മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം ഇൻസ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി വിവരമറിയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളോട് പോരാടുകയായിരുന്നു താരമെന്ന് കുടുംബം വ്യക്തമാക്കി.
അത്യന്തം ദുഃഖകരമായ ഈ ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. കരുത്തുറ്റ മനസ്സുള്ള പെൺകുട്ടിയായിരുന്നു അനന്യയെന്നും ഒരു രാജ്ഞിയെപ്പോലെ ജീവിച്ച അവളുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവില്ലെന്നും കുടുംബം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മുംബൈയിൽ വളർന്ന് സംഗീത വീഡിയോകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനന്യ, 2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), ഹൊറർ ചിത്രമായ ‘ഗോസ്റ്റ്’ (2019) എന്നിവയിലൂടെ ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
ഹിന്ദിക്ക് പുറമെ തെന്നിന്ത്യൻ സിനിമകളിലും അനന്യ സജീവമായിരുന്നു. 2022-ൽ ശ്രീനിവാസ് രാജു സംവിധാനം ചെയ്ത ‘തഗ്ഗെദെ ലെ’ എന്ന തെലുങ്ക് സസ്പെൻസ് ത്രില്ലറിലും ‘മദ്രാസി ഗാംഗ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘തഗ്ഗെദെ ലെ’യിൽ നവീൻ ചന്ദ്ര, ദിവ്യ പിള്ള, പി. രവിശങ്കർ എന്നിവർക്കൊപ്പമാണ് അനന്യ വേഷമിട്ടത്.