ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്റെ ജനനം. ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ‘ജാതിഭേദം മതദ്വേഷം.’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീടങ്ങോട്ട് 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍.
മികച്ച പിന്നണി ഗായകനുള്ള ദേശീയപുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ യേശുദാസ് കേരള സര്‍ക്കാരിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളുടെ അവാര്‍ഡുകളും നേടിയിട്ടുണ്ട്. തന്റേതായി കുറിച്ച നേട്ടങ്ങളില്‍ പത്മവിഭൂഷണ്‍(2017), പത്മഭൂഷണ്‍(2002), പത്മശ്രീ(1973) പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. ദേശീയപുരസ്‌കാരത്തിന് പുറമെ ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡും യേശുദാസ് നേടിയിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്‍ മാഷ്, അര്‍ജ്ജുനന്‍ മാഷ് എന്നിവരുടെ സംഗീതവും വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും ഗാനഗന്ധര്‍വ്വനെ വാര്‍ത്തെടുത്തു എന്നു തന്നെ പറയാം. രാജ്യത്തെ ഏകദേശം എല്ലാ ഭാഷകളിലും യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യേശുദാസ് എന്ന ശബ്ദവിസ്മയത്തെ കടത്തിവെട്ടാന്‍ ഇന്നോളം ആര്‍ക്കുമായിട്ടില്ല. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്.