“പ്രതിസന്ധികളിൽ കൂടെനിന്നു, ഞങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിരുന്നില്ല”; സുദേവ് നായരെ പ്രശംസിച്ച് യാഷ്

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ട്രെയിലർ ലോഞ്ചിനിടെ മലയാളി താരം സുദേവ് നായർക്ക് പ്രശംസയുമായി കന്നഡ സൂപ്പർതാരവും ചിത്രത്തിന്റെ സഹനിർമാതാവുമായ യാഷ്. ബെംഗളൂരുവില്‍ നടന്ന ചടങ്ങിൽ, സിനിമയുടെ പ്രാരംഭ ഘട്ടം മുതൽ അഭിമുഖീകരിച്ച പ്രതിസന്ധികളിലുടനീളം സുദേവ് നൽകിയ പിന്തുണയെ യാഷ് എടുത്തുപറഞ്ഞു.

നിർമ്മാണത്തിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിട്ടപ്പോഴൊക്കെ ടോക്സിക്കിനെ മുന്നോട്ട് നയിക്കാൻ കൂടെനിന്ന സുദേവിനെ കന്നഡയിൽ ‘ആസ്ഥാന കലാവിദ’ (ആസ്ഥാന കലാകാരൻ) എന്നാണ് യാഷ് വിശേഷിപ്പിച്ചത്. നിർമ്മാണം ഒരു യുദ്ധം പോലെ കഠിനമായിരുന്നുവെന്നും, നിർമ്മാതാവ് വെങ്കട് കെ. നാരായണയോടൊപ്പം സുദേവിന്റെ സന്നിധ്യവും ആത്മാർഥതയും സിനിമയ്ക്ക് വലിയ കരുത്തായെന്നും യാഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ‘കർമാഡി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുദേവ്, യാഷിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും പങ്കുവെച്ചു. വലിയ മാസ് താരമെന്നതിനപ്പുറം പ്രേക്ഷകരുടെ പൾസ് കൃത്യമായി തിരിച്ചറിയുന്ന മികച്ച നടനാണ് യാഷെന്ന് സുദേവ് പറഞ്ഞു.

നിർമ്മാണച്ചുമതലകൾ കൈകാര്യം ചെയ്യുമ്പോഴും സിനിമയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. യാഷും സംവിധായിക ഗീതു മോഹൻദാസും പരസ്പര ബഹുമാനത്തോടെയും ആശയവിനിമയത്തിലൂടെയുമാണ് പ്രവർത്തിച്ചതെന്നും സെറ്റിൽ യാതൊരുവിധ ഈഗോ ക്ലാഷുകളും ഉണ്ടായിരുന്നില്ലെന്നും സുദേവ് വ്യക്തമാക്കി.

2014-ൽ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയാണ് സുദേവ് നായർ സിനിമാരംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് ‘അനാർക്കലി’, ‘എസ്ര’, ‘ഭീഷ്മപർവ്വം’, ‘കടുവ’, ‘തുറമുഖം’ തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിൽ ശക്തമായ സാന്നിധ്യമായി മാറി.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, റുക്മിണി വസന്ത് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ടോക്സിക് 2026 ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിലെത്തുന്നത്.