‘ടോക്‌സിക്’ അശ്ലീലമല്ല, അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടില്ല; ‘ടോക്‌സിക്’ വിവാദങ്ങളിൽ യഷ്

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്‌സ്’ എന്ന സിനിമയ്‌ക്കെതിരെ ഉയർന്ന അശ്ലീല ആരോപണങ്ങൾക്ക് മറുപടിയുമായി കന്നഡ സൂപ്പർ താരം യഷ്. പുതിയ തലമുറയുടെ (ജെൻ സി) കാഴ്ചപ്പാടുകളെയും അഭിരുചികളെയും മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, സിനിമയിൽ സൗന്ദര്യാത്മകത സൂക്ഷിക്കുമ്പോഴും അതിർവരമ്പുകൾ വ്യക്തമായി തിരിച്ചറിഞ്ഞാണ് പ്രവർത്തിച്ചതെന്നും യഷ് വ്യക്തമാക്കി.

ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്’ എന്ന അഭിമുഖ പരിപാടിയിലാണ് ചിത്രത്തിലെ രംഗങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളെ താരം തള്ളിക്കളഞ്ഞത്. അശ്ലീലത എപ്പോഴും തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടിയ യഷ്, താൻ ചിത്രത്തിൽ ഒരു ചുംബനരംഗത്തിൽ പോലും അഭിനയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കലാസൃഷ്ടിയിൽ എവിടെയാണ് അതിർവരമ്പുകൾ വരയ്‌ക്കേണ്ടതെന്ന് ബോധ്യമുണ്ട്. ദൃശ്യങ്ങളിൽ ആകർഷകത്വം കൊണ്ടുവരുന്നത് ഒരു സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും ശബ്ദവുമാണെന്നും താരം പ്രതികരിച്ചു.

‘അശ്ലീലത തെറ്റാണ്. ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാകും, ഞാൻ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല. എല്ലാത്തിനും വ്യക്തമായ അതിർവരമ്പുണ്ട്, അത് ഞങ്ങൾ മനസ്സിലാക്കുന്നു. സിനിമയിൽ സൗന്ദര്യാത്മകമായി വേണം ചിത്രീകരിക്കാൻ. പിന്നീട് കാഴ്ചയിൽ ആകർഷകമായി തോന്നുന്നത് സിനിമയുടെ സ്വാധീനമാണ്. അതാണ് ഒരു സംവിധായകന്റെ ശബ്ദം.’ ടോക്‌സിക് ജെൻ സിക്കു വേണ്ടിയുള്ള ചിത്രമാണ്.’ യാഷ് പറഞ്ഞു.

ചിത്രത്തിന്റെ ടീസറും യഷും കിയാര അദ്വാനിയും ഒന്നിച്ചെത്തിയ ‘തബാഹി’ എന്ന ഗാനവും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചില രംഗങ്ങൾ അതിരുകടന്നതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി നിഷേധിക്കുന്നതാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗാങ്സ്റ്റർ ഡ്രാമയിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 26-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.