“സെയ്ഫ് അല്പം അത്യാഗ്രഹമുള്ള നടൻ, ഒരു നടന് അതൊരു പോസിറ്റീവ് ഘടകമാണ്”; പ്രിയദർശൻ

','

' ); } ?>

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രം ‘ഹൈവാനിൽ’ 18 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, കേവലമൊരു നായക സങ്കൽപ്പത്തിനപ്പുറം കഥാപാത്രങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ഇരു താരങ്ങളും കാണിച്ച പ്രതിബദ്ധതയെക്കുറിച്ച് സംവിധായകൻ മനസ്സുതുറന്നു. സെയ്ഫ് അലി ഖാനെ അല്പം ‘അത്യാഗ്രഹമുള്ള’ നടനെന്ന് വിശേഷിപ്പിച്ച പ്രിയദർശൻ, ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്യാൻ അക്ഷയ് കുമാർ സ്വയം മുന്നോട്ടുവന്ന അനുഭവവും പങ്കുവെച്ചു.

കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ സെയ്ഫ് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ കഥാപാത്രത്തെക്കുറിച്ച് വിശദമായ സംശയങ്ങൾ ചോദിക്കുമെങ്കിലും, കാര്യങ്ങളിൽ വ്യക്തത വന്നാൽ സംവിധായകനെ പൂർണ്ണമായി അനുസരിക്കുന്ന മികച്ചൊരു അഭിനേതാവാണ് സെയ്ഫെന്ന് പ്രിയദർശൻ വ്യക്തമാക്കി. അഭിനയത്തിലെ ഈ ചോദ്യം ചെയ്യലും ആഴത്തിലുള്ള ഇടപെടലുമാണ് അദ്ദേഹത്തിന്റെ ‘അത്യാഗ്രഹം’ എന്ന് വിശേഷിപ്പിച്ചതെന്നും അത് ഒരു നടന്റെ പോസിറ്റീവ് ഗുണമാണെന്നും അദ്ദേഹം പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷൂട്ടിങ് ഇടവേളകളിൽ ഫോൺ ഉപയോഗിക്കാതെ പുസ്തകവായനയിൽ മുഴുകുന്ന സെയ്ഫിന്റെ അച്ചടക്കവും സെറ്റിലെ അന്തരീക്ഷം കൂടുതൽ മികച്ചതാക്കി.

‘ഭൂത് ബംഗ്ലായുടെ സെറ്റിൽ ഒരുദിവസം അക്ഷയ് ബീനി ധരിച്ചുവന്നു. ആ ലുക്ക് എനിക്ക് ഇഷ്ടമായി. ഹൈവാനിൽ അക്ഷയ് ബീനി ധരിക്കണം എന്നത് എന്റെ ആശയമായിരുന്നു. ഹൈവാന്റെ കഥ പറയുമ്പോൾ അദ്ദേഹം അത് ചെയ്യില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ആ റോൾ ആര് ചെയ്യണം എന്ന് ഞാൻ ചോദിച്ചു. ‘ഞാൻ ഇത് ചെയ്യട്ടേ’ എന്ന് അക്ഷയ് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ ചിത്രത്തിൽ അക്ഷയ് കുമാറിലെ നടന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ ഇതൊരു അവസരമായി ഞാൻ കണ്ടു’, പ്രിയദർശന്റെ വാക്കുകൾ.

അതേസമയം, ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. നേരത്തെ ‘ഭൂത് ബംഗ്ലായുടെ’ സെറ്റിൽ വെച്ച് അക്ഷയ് ധരിച്ച ഒരു ബീനി (Beanie) ലുക്ക് ഇഷ്ടപ്പെട്ട പ്രിയദർശൻ, ‘ഹൈവാനിലും’ ആ ലുക്ക് വേണമെന്ന് തീരുമാനിക്കുകയായിരുന്നു. കഥ കേട്ടയുടൻ ഈ വില്ലൻ കഥാപാത്രം താൻ ചെയ്യട്ടേ എന്ന് അക്ഷയ് സ്വയം ചോദിച്ചത് പ്രിയദർശനെ അത്ഭുതപ്പെടുത്തി. അക്ഷയ് കുമാറിലെ നടന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ പോന്ന കഥാപാത്രമായിരിക്കും ഹൈവാനിലേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.