വനിത സംവിധായകര്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍.. സിനിമ തുടങ്ങാന്‍ 3 കോടി വരെ നല്‍കും..

മലയാള സിനിമയിലെ പുതിയ വനിതാ സംവിധായകമാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്തുണയുമായി വനിത സംവിധായകമാര്‍ രംഗത്തെത്തി. വനിതാ സംവിധായികമാരായ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനാണ് മലയാളത്തിലെ വനിത സംവിധായകരായ അഞ്ജലി മേനോനും സൗമ്യ സദാനന്ദനും പിന്തുണയുമായെത്തിയത്. സിനിമയില്‍ ചുവടു വച്ചു വരുന്ന പുതിയ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം പകരുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അഞ്ജലി മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തമായ പ്ലാനിംഗിലൂടെ കൃത്യമായ ബജറ്റിങ്ങിലൂടെ സിനിമയെടുക്കുകയാണെങ്കില്‍ ഒരു മുഴുനീള ചിത്രം പൂര്‍ത്തീകരിക്കാന്‍ മൂന്നു കോടി രൂപ ധാരാളം മതിയാകുമെന്ന് സംവിധായിക സൗമ്യ സദാനന്ദനും അഭിപ്രായപ്പെട്ടു.

സംസ്ഥാന ബജറ്റില്‍ മലയാള സിനിമയിലെ വനിതാ സംവിധായകര്‍ക്ക് ഏറെ സന്തോഷകരവും ആശ്വാസകരവുമായ ഒരു പ്രഖ്യാപനമായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം നടത്തിയത്. മലയാളത്തിലെ പുതിയ വനിതാസംവിധായകര്‍ക്ക് മൂന്നു കോടി രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ലിംഗസമത്വത്തിനു വേണ്ടിയുള്ള കാലങ്ങളായിട്ടുള്ള പോരാട്ടത്തിലെ പ്രധാന നാഴികക്കല്ലാണ് ഡബ്ല്യുസിസി പോലുള്ള സംഘടനകളെന്നും തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു. മൂന്നു കോടി രൂപ എന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത്ര വലിയ തുകയല്ലെന്നും വരും വര്‍ഷങ്ങളില്‍ അത് വര്‍ധിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.