“സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഉരുക്ക് വനിതയോടൊപ്പം”; വൈറലായി ഹരീഷ് പേരടിയുടെ പുതിയ പോസ്റ്റ്

','

' ); } ?>

തെന്നിന്ത്യൻ നടി ഷക്കീലയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടൻ ഹരീഷ് പേരടി. സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോ എടുക്കുക എന്നത് തനിക്കു ലഭിച്ച അപൂർവ ഭാഗ്യമാണെന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്. ഷക്കീലയോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഹരീഷ് ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

“ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ സൗഭാഗ്യം. സത്യത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപ്പോർട്ട് ടാക്സിക്ക് ക്യൂ നിൽക്കുമ്പോൾ പിന്നിൽ നിന്ന് എന്നെ തോണ്ടി വിളിച്ച് “എനക്കൊരു ഫോട്ടോ വേണം.നിങ്ങളുടെ എല്ലാ തമിഴ് സിനിമയും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ എല്ലാ അക്തപാത്രങ്ങളും എനിക്കൊരുപാടിഷ്ടമാണ്”, എന്ന് കേട്ടപ്പം കുറച്ച് നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച് നിന്നു പോയി. ആ പെങ്ങൾ എന്നോട് ചോദിച്ചു “ഈ ഫോട്ടോ ഞാൻ ഇൻസ്റ്റയിൽ ഇട്ടോട്ടെ”എന്ന്. അതുകൂടെ കേട്ടപ്പോൾ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാൻ. ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതൽ ശക്തിയോടെ തലകുലുക്കി ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി.’’–ഹരീഷ് പേരടി കുറിച്ചു