റിമ കല്ലിങ്കലിനും പാര്‍വതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്?, ദിലീപിന് കുടൂതല്‍ പ്രൊമോഷന്‍ ലഭിക്കുന്നു ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ചിന്മയി

','

' ); } ?>

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ. പാര്‍വതിയുടേത് പ്രസക്തമായ ചോദ്യമാണെന്ന് ചിന്മയി വ്യക്തമാക്കി.

‘നടി പാര്‍വതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാനലക്ഷ്യം. പോലീസ് അന്വേഷണത്തിലെ സുരക്ഷയെക്കുറിച്ച് ശരിയായ ചോദ്യമാണ് അവര്‍ ചോദിച്ചത്. റിമ കല്ലിങ്കലിനും പാര്‍വതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്? മറുവശത്ത് ദിലീപിന് കുടൂതല്‍ പ്രൊമോഷന്‍ ലഭിക്കുന്നു. ഇവിടേയും അവിടേയും വലിയ മാറ്റമൊന്നുമില്ല. കുറഞ്ഞപക്ഷം അവര്‍ക്കൊരു ഹേമ കമ്മിറ്റിയെങ്കിലുമുണ്ട്. ഇപ്പോള്‍, സഹപ്രവര്‍ത്തകയ്ക്കുനേരെ ഭീതിതമായ എന്തോ ഒന്ന് സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അവിടുത്തെ സ്ത്രീകള്‍ ദിലീപിനൊപ്പം തോളരുമ്മുകയാണ്. നാണക്കേടാണത്.’ ചിന്മയി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നതിനേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത സാചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ്‌ തീരുമാനിച്ചത്. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കി വന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും.

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചം പരിഹസിച്ചും പാര്‍വതി രംഗത്തെത്തിയിരുന്നു. ‘നമുക്കിനി കമ്മിറ്റി രൂപവത്കരിക്കാന്‍ കാരണമായ യഥാര്‍ഥ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രീ ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയുള്ളൂ.’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവെച്ച കുറിപ്പ്.