അനുമതിയില്ലാതെ പാട്ടിലെ വരികള്‍ സിനിമകളുടെ പേരായി ഉപയോഗിച്ചതിനെതിരെ വിമർശനവുമായി തമിഴ് ഗാനരചയിതാവ് വൈരമുത്തു

','

' ); } ?>

തന്റെ അനുമതിയില്ലാതെ പാട്ടിലെ വരികള്‍ സിനിമകളുടെ പേരായി ഉപയോഗിച്ചതിനെതിരേ ഉദാഹരണസഹിതം തെളിവുകളുമായി തമിഴ് ഗാനരചയിതാവ് വൈരമുത്തു. തമിഴില്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് വൈരമുത്തു തന്റെ വിമർശനം അറിയിച്ചത്.
‘തമിഴില്‍ നിരവധി ചിത്രങ്ങള്‍ എന്റെ പല്ലവികള്‍ സിനിമാപ്പേരായി സ്വീകരിച്ചിട്ടുണ്ട്. അവരാരും എന്റെ അനുമതി തേടിയിട്ടില്ല. മര്യാദയുടെ പേരില്‍ പോലും ഒരുവാക്ക് ചോദിച്ചിട്ടില്ല’, വൈരമുത്തു കുറിച്ചു.

നേരത്തേയും സമാന പ്രസ്താവനയുമായി വൈരമുത്തു രംഗത്തെത്തിയിരുന്നു. ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഇളയരാജ നിയമനടപടി സ്വീകരിച്ചപ്പോഴായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിച്ച പശ്ചാത്തലത്തിലുള്ള വൈരമുത്തുവിന്റെ പ്രതികരണം, ഇളയരാജയോടുള്ള വിമര്‍ശനമായി വിലയിരുത്തപ്പെട്ടിരുന്നു.

പൊന്മാലൈ പൊഴുത്, ഇളയനിലാ, ഊരൈ തെരിഞ്ജിക്കിട്ടേന്‍, പൂവേ പൂച്ചൂട വാ, മൗനരാഗം, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ഉദാഹരണങ്ങള്‍ വൈരമുത്തു ചൂണ്ടിക്കാട്ടി. ‘അനുമതിയില്ലാതെ വരികള്‍ എടുത്തതിന് ഞാന്‍ ആരേയും വഴക്കുപറഞ്ഞിട്ടില്ല. നേരിട്ട് കാണുമ്പോള്‍ ഒന്ന് ചോദിക്കുക പോലുംചെയ്തിട്ടില്ല. സമ്പത്ത് പൊതുസ്വത്തായി മാറാന്‍ സാധ്യതയില്ലാത്ത ഒരുസമൂഹത്തില്‍, കുറഞ്ഞപക്ഷം വിജ്ഞാനമെങ്കിലും പൊതുസ്വത്തായി മാറുന്നു. അത് കാണുമ്പോള്‍ എനിക്ക് ഉള്ളില്‍ സന്തോഷമുണ്ട്. ‘എന്റെ വരികള്‍ ഉപയോഗിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് അനുവാദം ചോദിക്കുന്നില്ല’, എന്ന് ഞാന്‍ ചോദിച്ചാല്‍ അത് അപമര്യാദയാവും. എന്നോട് ഒരുവാക്കുപോലും ചോദിക്കാതെ ഉപയോഗിക്കുന്നതും അത്രതന്നെ അപരിഷ്‌കൃതമല്ലേ?’, വൈരമുത്തു എഴുതി.

എന്നാൽ 2013-ല്‍ ‘പൊന്‍മാലൈ പൊഴുത്’ പുറത്തിറങ്ങുംമുമ്പ് വൈരമുത്തുവിന്റെ അനുമതി തേടിയിരുന്നതായി വ്യക്തമാക്കി നടന്‍ ആദവ് കണ്ണദാസനും രംഗത്തെത്തുകയുണ്ടായി. ‘സര്‍, എല്ലാ ആദരവോടും പറയട്ടെ, ‘പൊന്‍മാലൈ പൊഴുതി’ന് അങ്ങയുടെ അനുമതി ലഭിച്ചിരുന്നു. കവിയരസ് കണ്ണദാസന്റെ കൊച്ചുമകന്റെ ചിത്രത്തിന്റെ പേരായി തന്റെ വരികള്‍ ഉപയോഗിക്കുന്നത് പ്രത്യേകവികാരമാണെന്ന് അങ്ങ് പറഞ്ഞിരുന്നു. അങ്ങേക്ക് അതില്‍ വലിയ അഭിമാനം തോന്നി’, എന്നായിരുന്നു ആദവ് കുറിച്ചത്.